റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ് : നടന്‍ ദിലീപിനെ വെറുതെവിട്ടു , കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

December 8, 2025 - 12:20 pm

കൊച്ചി | രാജ്യത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെവിട്ടു. ഒന്നു മുതല്‍ 6 വരെ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഒന്നു മുതല്‍ ആറുവരെ പ്രതികളായ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച് എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ് എന്നിവരാണ് കുറ്റക്കാര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല

ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കിയത്.. ദിലീപ് കുറ്റവിമുക്തനായതോടെ കോടതി വളപ്പില്‍ ആഹ്ലാദ പ്രകടനം നടത്തി ആരാധകര്‍. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളില്‍ അഭിഭാഷകര്‍ ദിലീപിനെ കെട്ടിപ്പിടിച്ചു.

യഥാര്‍ത്ഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് ദിലീപ്

കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണു നടന്നതെന്ന് കോടതി വിധിക്കു ശേഷം ദിലീപ് പ്രതികരിച്ചു. സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നു മഞ്ജുവാര്യര്‍ പറഞ്ഞതോടെയാണ് ഇത്തരമൊരു കേസ് ഉദ്ഭവിക്കുന്നത്. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പോലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പോലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാര്‍ത്ഥ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയര്‍ അങ്ങനെയെല്ലാം തകര്‍ത്തെന്നും തന്നെ പിന്തുണച്ചവര്‍ക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളില്‍ വാദിച്ച അഭിഭാഷകര്‍ക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു.

സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് മന്ത്രി സജി ചെറിയാന്‍

നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍ കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *