ന്യൂഡൽഹി: ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ക്ലബ്ബിന്റെ ഉടമയെയും ജനറൽ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അപകടത്തിൽ 25 പേർ മരിച്ചെന്നും പരിക്കേറ്റ ആറു പേരുടെ നില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് ഗോവ സർക്കാർ നഷ്ടപരിഹാരം നൽകും
ക്ലബ്ബിൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും നിർമാണ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സാവന്ത് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ഗോവ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ അർപോറ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ
