ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 303 ആയി. മുന്നൂറോളം പേരെ കാണാനില്ല. നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റി. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 17,000 വീടുകൾ മുങ്ങിയെന്നാണു കണക്ക്.ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഒരാഴ്ചയായി ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയിൽ വലയുകയാണ്. മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ ദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്. ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്
മണ്ണിടിച്ചിലിനെത്തുടർന്ന് റോഡിന്റെ മറുഭാഗത്ത് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തോനേഷ്യ സൈനിക മേധാവി സുഹര്യാന്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു
“രണ്ട് ദിവസം മുമ്പ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. സിമെലു ദ്വീപില്‍ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മഴ ശക്തമായത്.”
