തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍നിന്നു പിന്‍വാങ്ങാന്‍ നിര്‍ദേശിച്ച് കേന്ദ്രത്തിനു കത്തയയ്ക്കുമെന്ന സിപിഎം-സിപിഐ ഉഭയകക്ഷി തീരുമാനം നടപ്പായില്ല. പദ്ധതിയില്‍ ഒപ്പിട്ട് ഒരാഴ്ച കഴിയുന്നതിനു മുന്‍പ് എസ്എസ്കെ പദ്ധതിയിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ ഗഡു തുകയും കേരളത്തിനു ലഭിച്ചു.
സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല.
സിപിഐ ശക്തമായി എതിര്‍ത്ത പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയയ്ക്കാന്‍ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കത്തയയ്ക്കാത്ത നിലപാടില്‍ സിപിഐ മന്ത്രിമാര്‍, നവംബർ 5ന് ചേര്‍ന്ന മന്ത്രിസഭയില്‍ എതിര്‍പ്പ് അറിയിക്കുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
നിയമോപദേശം ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടി സ്വീകരിക്കും.
നിയമോപദേശം തേടുന്നതിന്റെ ഭാഗമായാണ് കത്തയയ്ക്കുന്നത് വൈകുന്നതെന്നാണു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. നിയമോപദേശം ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടി സ്വീകരിക്കും. സിപിഐ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
