തിരുവനന്തപുരം | “സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ സ്പീക്കറുടെ അതിഥിയായി നിയമസഭയിലെത്തി. മൂന്നാം ക്ലാസ്സ് പരീക്ഷയിൽ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് “സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്ന വലിയ നിയമം എഴുതിച്ചേർത്ത അഹനാണ് സ്പീക്കറുടെ ക്ഷണം സ്വീകരിച്ചെത്തിയത്.
നിയമസഭയിലെത്തി സഭാ നടപടികൾ കണ്ടു
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാൻ പോന്ന സാമൂഹിക ബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് സ്പീക്കർ എ എൻ ഷംസീർ ക്ഷണിക്കുകയായിരുന്നു. രാവിലെ സ്പീക്കറുടെ വസതിയിലെത്തിയ അഹാൻ അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കാണുകയും സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചെലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
