വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്ക് വഹിച്ച മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം തീര്‍ക്കുന്ന വിടവ് പരിഹരിക്കാന്‍ കൂട്ടായ നേതൃത്വത്തിലൂടെ മാത്രമേ കഴിയൂ എന്നു നേതാക്കൾ . വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വലിയ ചുടുകാടില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ സംസാരിച്ചു.

പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തി

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷനായി. വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്ക് വഹിച്ച മഹാരഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വി എസിന്റെ വിയോഗം സി പി എമ്മിനും നാടിനാകെയും വലിയ നഷ്ടമാണ്. കേരളത്തിന്റെ ഉത്തമനായ സന്താനത്തെ അതേ രീതിയില്‍ കണ്ട് അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധരായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കേരളത്തിന്റെ വികസന കാര്യത്തില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന അദ്ദേഹം നല്‍കി.

ആക്രമണങ്ങള്‍ക്ക് മുന്നില്‍ പതറാതെയുള്ള നിലപാട്

ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പതറാതെയുള്ള നിലപാട് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്ക് വഹിച്ചു. പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നേതൃനിരയില്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച നേതാവാണ് വിഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും മികവാര്‍ന്ന സംഘാടകനായിരുന്നു. വര്‍ഗീയത ശക്തിപ്രാപിക്കുകയും ജനാധിപത്യം ഈ രീതിയില്‍ തുടരുമോയെന്ന ആശങ്ക ഉയരുകയും ചെയ്യുന്ന കാലത്താണ് വിഎസിന്റെ വിയോഗം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇത്തരം നേതാക്കളുടെ അസാന്നിധ്യം മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി , സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍ എം പി തുടങ്ങി നിരവധി നേതാക്കളും വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →