റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി നിലയുറപ്പിച്ച നേതാവ് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

July 21, 2025 - 7:15 pm

തിരുവനന്തപുരം: രണ്ടക്ഷരംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായിത്തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. അത് വി.എസ് ആസ്വദിച്ചുവെന്ന് തോന്നിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

നിയമസഭയ്ക്കകത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്.

പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് അദ്ദേഹം. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിനു വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ് ഭാഗഭാക്കായി. നിയമസഭയ്ക്കകത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികള്‍ക്കും പുറമെ സ്വന്തം പാര്‍ട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷേ, ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ലെന്നും അദ്ദേഹം പറഞ്ഞു

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവര്‍ത്തകനായി വളര്‍ന്നുവന്ന് നിരവധി സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ചു. കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു

കെ.സി.വേണുഗോപാല്‍ എംപി

മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനായിരുന്നു വി.എസ്.അച്യുതാനന്ദന്‍. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവും അദ്ദേഹത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്. തനിക്ക് ശരിയെന്ന് തോന്നുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യം. നിലപാടുകളിലെ കാര്‍ക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. വി.എസ്.അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും വേണു​ഗോപാൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *