തിരുവനന്തപുരം: കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ സിപിഐ പിൻവലിക്കും. ഇസ്മയിലിന്റെ അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. 2025 മാർച്ചിലാണ് പാർട്ടിയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ഇസ്മയിലിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത് പുനപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കുന്നതിനാണ് എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായത്.
ഇസ്മയിൽ പാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യപ്രതികരണം നടത്തി
സിപിഐ എറണാകുളം മുൻ സെക്രട്ടറിയായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരേ അദ്ദേഹത്തിന്റെ കുടുംബം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തിയവരുള്ള പാർട്ടിയാണ് സിപിഐ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കേണ്ട ആവശ്യമില്ല എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ഇതിനു പിന്നാലെ മുതിർന്ന നേതാവായ ഇസ്മയിൽ പാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യപ്രതികരണം നടത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്മയിലിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്
