ന്യൂഡല്‍ഹി | രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍ എത്തി. .സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സില്‍ നേരിട്ടെത്തി പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ജൂൺ 16 തിങ്കളാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. . പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്ര മോദിക്ക് ആചാരപരമായ സ്വീകരണമാണ് സൈപ്രസ് ഒരുക്കിയിരിക്കുന്നത്. മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. .
സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നത്
കഴിഞ്ഞ 23 വര്‍ഷത്തിനിടെ സൈപ്രസില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. .ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യത്തെ വിദേശ രാജ്യമാണ് സൈപ്രസ്. സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് എക്സില്‍ കുറിച്ചത്. സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
മോദിയുടെ സൈപ്രസ് സന്ദര്‍ശനം തുര്‍ക്കിക്കുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തലുകളുണ്ട്
അതേസമയം മോദിയുടെ സൈപ്രസ് സന്ദര്‍ശനം തുര്‍ക്കിക്കുള്ള മുന്നറിയിപ്പാണെന്നും വിലയിരുത്തലുകളുണ്ട്. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ള വിമതരാണ്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുടെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
