കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ കാട്ടുപോത്തിന്‍റെയും ആനയുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്.
പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് അഞ്ചല്‍ റേഞ്ച് ഓഫീസർ
ഒരു മാസത്തിനു മുമ്പ രാവിലെ ജോലിക്ക് പോയ ആള്‍ക്കാർ കടുവയെ കണ്ടിരുന്നു. ആ കടുവയുടെ ജഡം ദിവസങ്ങള്‍ക്ക് ശേഷം തെന്മല നെടുവന്നൂർ കടവ് പൂമ്പാറ പ്രദേശത്ത് ആറ്റിൻ തീരത്ത് കണ്ടെത്തി. ആറ്റില്‍ കുളിക്കാൻ വന്നവരാണ് കടുവയുടെ ജഡം കണ്ടത്.
അഞ്ചല്‍ റെയ്ഞ്ച് ഓഫീസർ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ ആർആർടി സംഘവും കളങ്കുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉല്ലാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീകുമാർ, രമ്യ, അഭിലാഷ്, എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. ആവശ്യമെങ്കില്‍ പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് അഞ്ചല്‍ റേഞ്ച് ഓഫീസർ അജികുമാർ അറിയിച്ചു
