ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍

ഷില്ലോങ്ങ് | ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി ( 29 ) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) യെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം അറിയിച്ചത്.

സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.

മേയ് 11നായിരുന്നു രാജ രഘുവംശിയുടേയും സോനത്തിന്റേയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരണാസി – ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗാസിപൂരിലെ വണ്‍സ്റ്റോപ് സെന്ററിലേക്ക് മാറ്റിയതായി യുപി എഡിജിപി അമിതാഭ് യാഷ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →