വത്തിക്കാൻ: ഇന്നലെ (ഏപ്രിൽ 26) .യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വ്ളൊഡിമിർ സെലെൻസ്കിയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കൂടിക്കാഴ്ച നടത്തി . മാർപാപ്പയുടെ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പാണ് ഇരുനേതാക്കളും ബസിലിക്കയ്ക്കുള്ളില്‍ മുഖാമുഖം ചർച്ച നടത്തിയത്. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങളിലാണ് യു.എസ്. നേതാക്കളുടെ ചർച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും ശുഭസൂചനയുള്ളതാണ്.
കൂടിക്കാഴ്ച ചരിത്രമായേക്കുമെന്ന് സെലെൻസ്കി
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രമായേക്കുമെന്നാണ് സെലെൻസ്കി പ്രതികരിച്ചത്. സമാധാന കരാറിന് അടുത്തെത്തിയെന്നും റഷ്യയും യുക്രെയിനുമായുള്ള ചർച്ച നിർണായക ഘട്ടത്തിലാണെന്നും ട്രംപ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ പ്രതികരിച്ചിരുന്നു. വരുംദിവസങ്ങളില്‍ തന്നെ യുക്രെയിനിലെ വെടിനിറുത്തലിന് ധാരണയിലെത്താമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ നടന്ന ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരില്‍ ട്രംപും സെലെൻസ്കിയും തമ്മില്‍ വാക്കുതർക്കമുണ്ടായത് വിവാദമായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും നേരിട്ട് ചർച്ചയ്‌ക്കെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ എന്നിവരുമായും സെലെൻസ്കി ചർച്ച നടത്തി. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനില്‍ ആക്രമണം തുടങ്ങിയത്. നിലവില്‍ യുക്രെയിന്റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
പുട്ടിനെ വിമർശിച്ച് ട്രംപ്
മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ യു.എസിലേക്ക് തിരിച്ച ട്രംപ് സമൂഹ മാദ്ധ്യമത്തിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിമർശിച്ചു. ഒരു കാരണവുമില്ലാതെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുക്രെയിനിലെ സിവിലിയൻ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും പുട്ടിൻ മിസൈലുകള്‍ തൊടുക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി
