തിരുവനന്തപുരം: വിമാനത്താവളത്തില്‍ പുതിയ ‘അനന്ത’ ടെർമിനൽ നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതിക്കുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ നിർമ്മാണം തുടങ്ങും . 1300 കോടി രൂപ ചെലവിലാണ് ടെർമിനൽ നിര്മാണം. ആറുമാസത്തിനകം അന്തിമ പാരിസ്ഥിതിക അനുമതി നേടിയാല്‍ മതിയാവും. വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനല്‍.
ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്
ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്) എന്ന രീതിയിലാണ് ‘അനന്ത’ ടെർമിനല്‍ അദാനി നിർമ്മിക്കുക. 1.2കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ടെർമിനല്‍ പണിതീരാൻ 3വർഷമെടുക്കും. 2070 വരെയുള്ള യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ടെർമിനല്‍ വികസനം. പുരാതന ക്ഷേത്രങ്ങളുടെ ശില്പചാരുതയും പുതിയ ടെർമിനലില്‍ കാണാനാവും.
രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനല്‍.
വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. മള്‍ട്ടി – ലെവല്‍ -ഇന്റഗ്രേറ്റഡ് ടെർമിനലില്‍ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകള്‍, എമിഗ്രേഷൻ-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്,ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനില്‍ക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടല്‍, കൊമേഴ്സ്യല്‍- അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഫുഡ്കോർട്ട് എന്നിവയൊരുങ്ങും
