പാർലമെന്റ് അംഗങ്ങളുടെ എണ്ണം കുറയൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുവാൻ സ്റ്റാലിൻ കച്ചമുറുക്കുന്നു

ന്യൂഡൽഹി: ജനസംഖ്യ അടിസ്ഥാനമാക്കി പാർലമെന്റ് സീറ്റുകളുടെ എണ്ണം സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന പ്രക്രിയ 2026 ആരംഭിക്കുന്നതിനു മുന്നോടിയായി സീറ്റുകൾ നഷ്ടമാകുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ മുൻനിർത്തി പോരാട്ടത്തിന് തമിഴ്നാട്ടിൽ സ്റ്റാലിൻ കച്ചമുറുക്കുന്നു. പുതിയ ഭാഷാ നിയമത്തിന്റെ പേരിലും സ്റ്റാലിനും ഡിഎംകെ സർക്കാരും കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. അതിന് കൂടുതൽ ഊർജ്ജം പകരുന്ന വിധത്തിലാണ് പാർലമെന്റ് പുനർ ക്രമീകരണം നടത്താൻ പോകുന്നത്.

തമിഴ്നാടിനും കേരളത്തിനും എട്ട് സീറ്റ് വീതം നഷ്ടമാകും. തെക്കേ ഇന്ത്യയ്ക്ക് ആകെ 26 എംപിമാർ കുറയും.

രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ വലിയൊരു വിവാദത്തിലേക്ക് രാജ്യം ചെന്നുപെടാൻ പോവുകയാണ് എന്ന് സൂചനയാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നത്. 2026-ൽ ജനസംഖ്യ അടിസ്ഥാനമാക്കി പാർലമെന്റ് സീറ്റുകളുടെ എണ്ണം പുനർ ക്രമീകരിക്കുമ്പോൾ തമിഴ്നാട്ടിലും കേരളത്തിലും എട്ടു വീതം സീറ്റുകൾ നഷ്ടമാകും. കർണാടക, തെലുങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്ക് 10 സീറ്റ് ആണ് നഷ്ടപ്പെടുക. ഒട്ടാകെ തെക്കേ ഇന്ത്യയിൽ നിന്ന് 26 എംപിമാർ കുറയുമെന്ന് അർത്ഥം.

ജനസംഖ്യ നിയന്ത്രിക്കാത്തവർ നയിക്കും. നിയന്ത്രിച്ചവർ ഒതുങ്ങും.

തെക്കേ ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരം ഓരോ പത്തുവർഷം കൂടുമ്പോഴും നടത്തുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ ഭരണ പ്രാതിനിധ്യം തീരുമാനിക്കേണ്ടതാണ്. 1971-ൽ പാർലമെൻറ് സീറ്റുകളുടെ എണ്ണം പുനർനിർണയിക്കേണ്ടത് ആയിരുന്നു. പക്ഷേ കഴിഞ്ഞില്ല. പകരം ഭരണ ഘടനയുടെ 42-ആം ഭേദഗതിയിലൂടെ 2000 വരെ പ്രാതിനിധ്യം നീട്ടി കൊടുത്തു. രണ്ടായിരത്തിലും അപ്പോൾ ഉള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സീറ്റുകളുടെ എണ്ണം ക്രമീകരിക്കുവാൻ പറ്റിയില്ല. വീണ്ടും ഭരണഘടന ഭേദഗതി ചെയ്തു. 84 -ആം ഭരണഘടന ഭേദഗതിയിലൂടെ 2026 വരെ നീട്ടി. അതായത് 1971 നു ശേഷം പുനർനിർണയം ഉണ്ടായിട്ടില്ല എന്നർത്ഥം. ര നൂറ്റാണ്ട് പിന്നിടുന്നു.

പ്രാതിനിധ്യം ഇല്ലാതാകുന്നതും ഹിന്ദി അടിച്ചേൽപ്പിക്കുന്നതും ഉന്നയിച്ച് തമിഴ്നാട് രംഗത്ത്

ജനന നിയന്ത്രണം ഏർപ്പെടുത്തിയവർ പ്രാതിനിധ്യമില്ലാതെ ഭരണത്തിൻറെ പിന്നാമ്പുറത്ത് പോകുന്നു. അതേസമയം ജനസംഖ്യ വർധിപ്പിച്ചവർ രാഷ്ട്രീയ അധികാരം കൈപ്പിടിയിൽ ഒതുക്കുന്നു. അത് മാത്രമല്ല വടക്കേ ഇന്ത്യ ഹിന്ദി അടിച്ചേൽപ്പിച്ച് തമിഴ് ഭാഷ ഇല്ലാതാക്കുന്നു. ഇതാണ് സ്റ്റാലിൻ ഉയർത്തുന്ന പ്രശ്നം. വീണ്ടും ഒരു ഭാഷാ സമരത്തിന് തമിഴ്നാട് തയ്യാറാണ് എന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു കഴിഞ്ഞു. മാർച്ച് അഞ്ചാം തീയതി എല്ലാ പാർട്ടികളുടെയും സമ്മേളനം ഈ കാര്യത്തിന് വേണ്ടി മുഖ്യമന്ത്രി തന്നെ വിളിച്ചിരിക്കുകയാണ്. രാഷ്ട്രീയമായി വലിയ മുന്നേറ്റം ആയിരിക്കും ഡിഎംകെ ഈ രണ്ടു പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് തമിഴ്നാട്ടിൽ കൈവരിക്കാൻ പോകുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല അഞ്ച് തെക്കേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി പ്രക്ഷോഭം എത്തിച്ചേരുമെന്ന് വ്യക്തമാണ്. ജനസംഖ്യാ നിയന്ത്രണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ കേരളത്തിന് 8 പാർലമെന്റ് അംഗങ്ങളെ നഷ്ടമാകുമെന്നാണ് വിവരം. കർണാടകയും തെലുങ്കാനയും ആന്ധ്രപ്രദേശും ഇതേ നഷ്ടം നേരിടുന്നുണ്ട്. ആസാം, അരുണാചൽ പ്രദേശ്, ജമ്മു കാശ്മീർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ പ്രാതിനിധ്യം കുറഞ്ഞു പോകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉള്ളത്. ബാക്കി എല്ലാവർക്കും ജനസംഖ്യ വർദ്ധിക്കുന്നു. കൂടുതൽ എംപിമാരെ കിട്ടുന്നു.

പുതിയ കാലം, പുതിയ രാഷ്ട്രീയ പ്രശ്നം, പുതിയ തീച്ചൂള

ഒരു കൊല്ലത്തിനപ്പുറം കാത്തിരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തിന് ഇപ്പോഴേ തമിഴ്നാട്ടിൽ തിരികൊളുത്തിക്കഴിഞ്ഞു. കേന്ദ്ര ഭരണത്തിനെതിരെ രൂപീകരിച്ച സഖ്യം പല കാരണങ്ങൾ കൊണ്ട് ശക്തിയാർജിക്കാതെ നിൽക്കുകയാണ്. എന്നാൽ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിന് പടനിലമാണ് തമിഴ്നാട്ടിൽ സ്റ്റാലിൻ ഒരുക്കുന്നത് എന്നതിൽ സംശയമില്ല. തമിഴ് വികാരവും ദ്രാവിഡ ബോധവും മലയാളിക്കും കർണാടകക്കാരനും തെലുങ്കനും ഏത് അളവിൽ ആയിരുന്നാലും രാഷ്ട്രീയ പ്രാതിനിധ്യം പാർലമെന്റിൽ ഇല്ലാതായി പോകുന്നതും, സ്വന്തം നിയമസഭയുടെ എണ്ണം ചുരുങ്ങുന്നതും ആരും അംഗീകരിച്ചു കൊടുക്കാൻ ഇടയില്ല. ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വിജയിച്ചു പോയ കുറ്റത്തിന് പാർലമെന്റിലും നിയമസഭയിലും ആളില്ലതായി പോയ ഗതികേട് നേരിടുന്ന സംസ്ഥാനങ്ങൾ അനീതിക്കെതിരെ പൊരുതുകയാണ്.

Share