.തൃശൂർ: ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. ‘സ്വറെയില്‍’ എന്ന പേരിലാണ് ആപ്പിന്‍റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്.
ജനുവരി 31വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ആയതുകൊണ്ടുതന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്നവരുടെ എണ്ണത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്.
യാത്രക്കാർക്കു ട്രെയിൻ യാത്രാ അനുഭവം മെച്ചപ്പെടുത്തുക എന്നതിലൂന്നിയാണ് പുതിയ ആപ്പ് തയാറാക്കിയിട്ടുള്ളത്
റിസർവ് ചെയ്തതും ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, ട്രെയിൻ അന്വേഷണങ്ങള്‍, പിഎൻആർ അന്വേഷണങ്ങള്‍, റെയില്‍മദദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. കൂടാതെ ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്കു ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
തടസമില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം യാത്രക്കാർക്കു ട്രെയിൻ യാത്രാ അനുഭവം മെച്ചപ്പെടുത്തുക എന്നതിലൂന്നിയാണ് പുതിയ ആപ്പ് തയാറാക്കിയിട്ടുള്ളതെന്നു റെയില്‍വേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക‌്ടർ ദിലീപ് കുമാർ പറഞ്ഞു.
സെന്‍റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇത് ഉടൻ എല്ലാവർക്കും ലഭ്യമാകുന്ന വിധത്തില്‍ പുറത്തിറക്കുമെന്നു റെയില്‍വേ അറിയിച്ചു


