ചങ്ങനാശേരി: നെല്‍കൃഷി മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ നെല്‍കര്‍ഷക സംരക്ഷണസമിതി രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില നല്‍കാന്‍ കേരള സര്‍ക്കാർ തയാറാകുന്നില്ലെന്ന ആക്ഷേപവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്കേന്ദ്രം കഴിഞ്ഞ നാലു വര്‍ഷമായി നെല്ലിന് വര്‍ധിപ്പിച്ച തുക വര്‍ഷംതോറും സംസ്ഥാനം വാങ്ങിയെടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം നല്‍കുന്നില്ല. 2024ല്‍ കേന്ദ്രം നെല്‍സംഭരണ വില ക്വിന്‍റലിന് 117 രൂപ വര്‍ധിപ്പിച്ചു. അത് കൊടുക്കാതെയാണ് കേരളം സംഭരണവില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 152 രൂപ കേന്ദ്രം വര്‍ധിപ്പിച്ചെങ്കിലും അതും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തില്ല.
നെല്‍കൃഷി മേഖലയെ സർക്കാർ അവഗണിക്കുന്നു
പമ്പിഗ് സബ്‌സിഡി, പ്രൊഡക്‌ഷന്‍ ബോണസ് എന്നിവയും വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി മടവീണ് കൃഷി നാശം നേരിട്ട പാടശേഖരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ വൈമനസ്യം കാട്ടുകയാണ്.നെല്‍കൃഷിമേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് തികഞ്ഞ അനാസ്ഥയാണുള്ളത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന് കേന്ദ്ര ഗവണ്‍മെന്‍റ് നെല്‍വിലയായി നല്‍കിയ തുക സമയബന്ധിതമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിലും ബാങ്കുകള്‍ക്ക് റീപെയ്‌മെന്‍റ് ചെയ്യുന്നതിലും കാലതാമസം നേരിട്ടു.
കര്‍ഷകര്‍ക്ക് തുടര്‍വായ്പകള്‍ നല്‍കാന്‍ ബാങ്കുകൾ വിസമ്മതിച്ചു.
ഇതിന്‍റെ ഫലമായി ബാങ്കുകള്‍ തുടര്‍വായ്പകള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ വിസമ്മതിച്ചു. ഇങ്ങനെയുള്ള കാരണങ്ങള്‍കൊണ്ടാണ് പിആര്‍എസിന്‍റെ തുക കടമായി വാങ്ങേണ്ടിവരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെല്‍കര്‍ഷകരുടെ വിഷയങ്ങള്‍ സമരസമിതി മുഖ്യവിഷയമായി ഉന്നയിക്കും. (സോണിച്ചന്‍ പി. ജോസഫ്, നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി)
മന്ത്രിമാര്‍ വാക്കു മാറ്റുന്നു ; സമരപരിപാടികള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും.
നെല്ലുസംഭരണ വില നല്‍കുന്ന കാര്യത്തില്‍ ധന, ഭക്ഷ്യ, കൃഷി വകുപ്പു മന്ത്രിമാര്‍ തമ്മില്‍ യോജിച്ച തീരുമാനം എടുക്കുന്നില്ല. ഇക്കാര്യത്തില്‍ ഭക്ഷ്യമന്ത്രി യഥേഷ്ടം വാക്കുമാറ്റി പറയുകയാണ്. നെല്‍കര്‍ഷക സമിതി നേതാക്കള്‍ ആലപ്പുഴ കളക്‌ടറേറ്റിനു മുന്പില്‍ നടത്തിയ നിരാഹാര സത്യഗ്രഹസമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉണ്ടാക്കിയ ധാരണകളും ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും പാലിക്കുന്നില്ല. അനുകൂലിക്കുന്ന എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി നെല്‍കര്‍ഷക സമിതിയുടെ രണ്ടാംഘട്ട സമരപരിപാടികള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. .