തിരുവനന്തപുരം: ആർ.സി.സിയിലെ മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ലബോറട്ടറി ടെക്നിക്കല്‍ ഓഫീസർ പെൻക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാറാണ് ആരോപണവിധേയനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.
വനിതാ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കണം
വനിതാ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. ലബോറട്ടറി ജീവനക്കാരുടെ സൂപ്പർവൈസർ ചാർജ് കൂടിയുള്ള ടെക്നിക്കല്‍ ഓഫീസർ രാജേഷ് കെ.ആറിനെതിരെ ജീവനക്കാർ പരാതി നല്‍കിയതും പിന്നാലെ ഇയാളെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയതും.വനിതാ ജീവനക്കാർ വിശ്രമമുറിയില്‍ വച്ച് ആർ.സി.സി ഡയറക്ടറെക്കുറിച്ച് നടത്തിയ സംഭാഷണം ഡയറക്ടർ വനിതാ ജീവനക്കാരില്‍ ഒരാളെ വിളിച്ച് കേള്‍പ്പിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടർന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് സൂപ്പർവൈസർ രാജേഷ് പെൻക്യാമറ വച്ച വിവരം അറിയുന്നത്.
രണ്ടുമാസം മുമ്പ് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
വനിതാ ജീവനക്കാർ ഡയറക്ടർക്ക് രണ്ടുമാസം മുമ്പ് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വിഷയത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ ഇടപെട്ട് ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കി. പരാതിപരിഹാര സെല്ലിന്റെ ശുപാർശ പ്രകാരമാണ് ആരോപണ വിധേയനെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയതെന്നും പരാതിയിലുണ്ട്. രാജേഷിന്റെ സ്ഥാനചലനം സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ക്രിമിനല്‍ കുറ്റം ചെയ്തയാള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്


