കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ പുതിയ ഗവർണ്ണറായി നിയമിച്ച് കേന്ദ്ര സർക്കാർ

.തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ പുതിയ ഗവർണ്ണറായി നിയമിച്ചു . നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും ആർ എസ് എസ് പശ്ചാത്തലവുമുള്ള രാജേന്ദ്ര വിശ്വനാഥ് നേരത്തെ അലേകർ ഗോവ മന്ത്രിസഭയില്‍ അംഗമായിരുന്നു.

മുൻ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണ്ണറായും മുന്‍ കരസേനാ മേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ വികെ സിങ്ങിനെ പുതിയ മിസോറാം ഗവർണറായും നിയമിച്ചിട്ടുണ്ട്. ഒഡീഷ ഗവർണർ രഘുബർ ദാസിൻ്റെ രാജി അംഗീകരിച്ച രാഷ്ട്രപതി മിസോറാം ഗവർണറായിരുന്ന ഡോ.ഹരി ബാബു കമ്പംപതിയെ ഒഡീഷ ഗവർണറായും നിയമിച്ച്‌ ഉത്തരവിറക്കി.

ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ

2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയിരുന്നു. പദവിയിലുണ്ടായിരുന്ന അഞ്ച് വർഷവും സംസ്ഥാന സർക്കാറുമായി നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. സർക്കാറിനെതിരെ രാജ്യസഭയില്‍ പത്രസമ്മേളനം വിളിക്കുന്ന അപൂർവ്വ നിമിഷത്തിനും ആരിഫ് മുഹമ്മദ് ഖാന്റെ കാലയളവ് സാക്ഷ്യം വഹിച്ചു.

രാജേന്ദ്ര വിശ്വനാഥ് അർലേകർ കുട്ടിക്കാലം മുതല്‍ തന്നെ ആർ എസ് എസ് പ്രവർത്തകൻ

ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് അർലേകർ കുട്ടിക്കാലം മുതല്‍ തന്നെ ആർ എസ് എസ് പ്രവർത്തകനാണ്. 1989 ല്‍ ബി ജെ പിയില്‍ ചേർന്ന അദ്ദേഹം 1990 മുതല്‍ സംസ്ഥാനത്തെ ബി ജെ പിയിലെ പ്രധാന നേതാക്കന്മാരില്‍ ഒരാളായി വളർന്നു. 2015ല്‍ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റ അദ്ദേഹം ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയാണ്.

അർലേകറിനെ കേരള ഗവർണ്ണറായി നിയമിച്ചതില്‍ ബി ജെ പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തൽ

2014 മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ അർലേകറിനെ പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് വീണത് ലക്ഷമികാന്ത് പർസേകറിനായിരുന്നു. 2021 ജുലൈ 7 നാണ് ഹിമാചല്‍ പ്രദേശ് ഗവർണ്ണായി അദ്ദേഹത്തെ രാഷ്ട്രപതി നിയമിക്കുന്നത്. പിന്നീട് അദ്ദേഹത്തെ ബിഹാറിലേക്ക് മാറ്റി. കടുത്ത ആർ എസ് എസ് പശ്ചാത്തലമുള്ള രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ കേരള ഗവർണ്ണറായി നിയമിച്ചതില്‍ ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന വിലയിരുത്തലും ശക്തമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →