പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം. : പതിനെട്ടാം പടിയില്‍ പോലിസ് ബലപ്രയോഗം നടത്തുന്നതായും മോശം ഭാഷ ഉപയോഗിക്കുന്ന തായും പരാതി

ശബരിമല: പതിനെട്ടാം പടിയില്‍ പോലീസിന്റെ ബലപ്രയോഗം എന്ന പരാതി ഉയർന്നതിന് പിന്നാലെ പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം.തീർത്ഥാടക തിരക്ക് ഏറുന്ന സമയങ്ങളില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയനെ ( ഐ. ആർ.ബി ) ഏല്‍പ്പിച്ചു. പൊലീസിന്റെ ഉന്തിലും തള്ളിലും പെട്ട് പതിനെട്ടാം പടിയില്‍ വീണ് കുട്ടികളും വയോധികരുമായ തീർത്ഥാടകർക്ക് പരിക്കേല്‍ക്കുന്നത് സംബന്ധിച്ച്‌ ‘മാധ്യമം , കഴിഞ്ഞ ദിവസം വാർത്ത നല്‍കിയിരുന്നു.

പരിചയ സമ്പന്നരല്ലാത്ത പോലീസ് ഉദ്യോഗസ്ഥർ

പോലീസിൻ്റെ രണ്ടാം ബാച്ചില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഐ.ആർ.ബി സംഘത്തിന് ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റ പുതിയ ബാച്ചില്‍ ഐ.ആർ.ബി സംഘത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അഞ്ച് ദിവസങ്ങളിലായി ദർശനത്തിന് ലക്ഷത്തിനടുത്ത് തീർത്ഥാടകർ പ്രതിദിനം എത്തിയിരുന്നു. പരിചയ സമ്പന്നരല്ലാത്ത പോലീസ് ഉദ്യോഗസ്ഥരാണ് ഈ ദിവസങ്ങളില്‍ പതിനെട്ടാം പടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
ഇതോടെ പടി കയറ്റത്തിന്റെ വേഗത കുറയുകയും തീർത്ഥാടകരുടെ നിര ശരംകുത്തി വരെ നീളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പടികയറ്റം വേഗത്തിലാക്കാൻ പോലീസ് ബലപ്രയോഗം ആരംഭിച്ചത്. ഇതേ തുടർന്നാണ് പതിനെട്ടാം പടിയില്‍ പോലിസ് ബലപ്രയോഗം നടത്തുന്നതായും മോശം ഭാഷ ഉപയോഗിക്കുന്നതായും ഉള്ള പരാതികള്‍ ഉയർന്നത്

ഐ.ആർ.ബി സംഘമാവും പടിയുടെ ചുമതല നിർവഹിക്കുക

ഇതിൻ്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഇടപെട്ട ശബരിമല സ്പെഷ്യല്‍ കമ്മീഷണർ കെ. ജയകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് അടിയന്തിര നടപടി. ഐ.ആർ.ബിയിലെ 90 അംഗ സംഘത്തെയാണ് പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മണ്ഡലപൂജ വരെയുള്ള ദിനങ്ങളില്‍ സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്ന വേളകളില്‍ ഐ.ആർ.ബി സംഘമാവും പടിയുടെ ചുമതല നിർവഹിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →