കണ്ണൂർ : മാടായി കോളേജ് നിയമനവിവാദം അന്വേഷിക്കാൻ കെപിസിസി അച്ചടക്കസമിതി കണ്‍വീനർ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡിസംബർ.13ന് കണ്ണൂർ ഡിസിസിയില്‍ തെളിവെടുപ്പ് നടത്തും.എം കെ രാഘവൻ എംപി ചെയർമാനായ പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളേജിലെ നിയമനത്തർക്കമാണ് തെരുവ് പോരിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലും പഴയങ്ങാടിയിലും കോണ്‍ഗ്രസുകാർ ഏറ്റുമുട്ടിയിരുന്നു.
പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ കൈയേറ്റം ചെയ്‌തു. തടയാൻ ശ്രമിച്ച കെഎസ്‌യു സംസ്ഥാന നിർവാഹക സമിതിയംഗം ആകാശ് ഭാസ്‌കറിനും മർദനമേറ്റു. പഴയങ്ങാടിയില്‍ എം കെ രാഘവന് അനുകൂലമായി പ്രകടനം നടത്താനിറങ്ങിയവരെ എതിർവിഭാഗം തടയാൻ ശ്രമിച്ചതും സംഘർഷത്തിലെത്തി.
ഒരുസംഘം കോണ്‍ഗ്രസ് പ്രവർത്തകർ കെ ജയരാജിനെ കെെയേറ്റം ചെയ്തു
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജില്ലയിലെത്തിയ ദിവസമാണ് തെരുവില്‍ത്തല്ല് നടന്നത്. പയ്യന്നൂരില്‍ ഖാദി ലേബർ യൂണിയൻ (ഐഎൻടിയുസി) സംഘടിപ്പിച്ച കെ പി കുഞ്ഞിക്കണ്ണൻ അനുസ്‌മരണ പരിപാടിയിലായിരുന്നു രാമന്തളി മുൻ മണ്ഡലം പ്രസിഡന്റ് കെ പി രാജേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരുസംഘം കോണ്‍ഗ്രസ് പ്രവർത്തകർ കെ ജയരാജിനെ കെെയേറ്റം ചെയ്തത്. വേദിയിലുണ്ടായിരുന്ന കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംഘർഷത്തില്‍ ഇടപെടാതെ കാഴ്ച്ചക്കാരനായി മാറി നിന്നു.പഴയങ്ങാടിയില്‍ എം കെ രാഘവൻ എംപിക്കായി പ്രകടനം നടത്താനെത്തിയവരെയാണ് കെ സുധാകരൻ അനുകൂലികള്‍ തടഞ്ഞത്. ഇരുവിഭാഗവും തമ്മില്‍ ഏറെനേരം വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
വി.ഡി സതീശൻ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തിയത് വിവാദത്തിൽ
മുതിർന്ന നേതാക്കളെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. ഇതിനിടെ എം.കെ. രാഘവൻ്റെ കോലം കത്തിച്ചവരുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തിയത് വിവാദമായിട്ടുണ്ട്.എം കെ രാഘവൻ എംപിയുടെ കോലം കത്തിച്ചവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ്കൂടിക്കാഴ്‌ച നടത്തിയത്. മാടായിയിലേത് പ്രാദേശിക പ്രശ്നമാണെന്നായിരുന്നു സതീശന്റെ പ്രതികരണം. അതേസമയം നടപടിയെടുത്തവരുമായുള്ള സതീശന്റെ കൂടിക്കാഴ്‌ച അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എം.കെ രാഘവൻ എം.പി.


