വത്തിക്കാൻ: ഒക്‌ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർ മാസങ്ങളോളം ബന്ദികളാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇസ്രയേല്‍ പൗരന്മാർ വത്തിക്കാനില്‍ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഗ്രന്ഥശാലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പത്തു സ്ത്രീകളും നാല് പുരുഷന്മാരും രണ്ടു കുട്ടികളുമടക്കം 16 പേരുണ്ടായിരുന്നു.
ഹമാസ് ആക്രമണത്തിന്‍റെ ആദ്യദിനം മുതല്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി ഫ്രാൻസിസ് മാർപാപ്പ വിവിധ മേഖലകളില്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിയിരുന്നു. ഹമാസിന്‍റെ പിടിയിലകപ്പെട്ട ചില ഇസ്രേലി ബന്ദികളുടെ കുടുംബാംഗങ്ങളെ കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിരുന്നു
“വീടുകളിലേക്ക് അവരെയും എത്തിക്കണം”
അമേരിക്കയുടെയും ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ നടത്തിയ താത്കാലിക വെടിനിർത്തല്‍ കരാറിന്‍റെ ഭാഗമായി വിട്ടയയ്ക്കപ്പെട്ട ബന്ദികളാണ് ഇവർ. ഇപ്പോഴും ബന്ദികളായി തടവില്‍ കഴിയുന്ന ഏതാനും യുവാക്കളുടെ ഫോട്ടോ സന്ദർശകസംഘം മാർപാപ്പയ്ക്കു നല്‍കി. “വീടുകളിലേക്ക് അവരെയും എത്തിക്കണം” എന്ന വാചകവും ചിത്രങ്ങളില്‍ ആലേഖനം ചെയ്തിരുന്നു.