ഡല്‍ഹി: വ്യോമാക്രമണങ്ങളെ നേരിടുന്നതില്‍ വളരെയധികം ഫലപ്രദമായ പാന്റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനു റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോർട്ടുമായി (ആർഒഇ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്റർ ഗവണ്മെന്റല് കമ്മീഷൻ (ഐആർഐജിസി) യോഗത്തിലാണ് ഇരുരാജ്യങ്ങളും സുപ്രധാന ധാരണയിലെത്തിയത്.
36 കിലോമീറ്റർ ചുറ്റളവിലും 15 കിലോമീറ്റർ ഉയരത്തിലുമുള്ള ഭീഷണികളെ പ്രതിരോധിക്കും.
സൈനിക താവളങ്ങളെയും നിർണായക സൈനിക സംവിധാനങ്ങളെയും വ്യോമാക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാൻ രൂപകല്‍പ്പന ചെയ്ത അത്യാധുനിക മൊബൈല്‍ പ്ലാറ്റ്ഫോമാണു പാന്റ്സിർ. ഷോർട്, മീഡിയം പരിധിയിലുള്ള എയർ മിസൈലുകള്‍ 30 എംഎം ഇരട്ട പീരങ്കികളോട് ഘടിപ്പിച്ചുള്ള പ്രതിരോധ സംവിധാനമാണ് പാന്റ്സിറിന്റേത്. റഡാർ, ട്രാക്കിംഗ് സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള പാന്റ്സിറിനു 36 കിലോമീറ്റർ ചുറ്റളവിലും 15 കിലോമീറ്റർ ഉയരത്തിലുമുള്ള ഭീഷണികള്‍ കണ്ടെത്തി പ്രതിരോധിക്കാൻ സാധിക്കും.
പ്രതിരോധമേഖലയില്‍ സ്വാശ്രയത്വം
ഏതു ഭൂപ്രകൃതിയിലും ഉപയോഗിക്കാൻ കഴിയുന്ന പാന്റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിലൂടെ പ്രതിരോധമേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുക എന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ധാരണപ്രകാരം പാന്റ്സിർ വകഭേദങ്ങളുടെ ഉത്പാദനത്തിലും സാങ്കേതിക വിദ്യാ കൈമാറ്റത്തിലും സംയുക്തവികസനത്തിലും ഇന്ത്യയും റഷ്യയും കൈകോർക്കും