കാന്‍ബറ: 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാര്‍ലമെന്‍റില്‍ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമം പാര്‍ലമെന്‍റില്‍ പാസായാല്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ് വ്യക്തമാക്കി
സോഷ്യല്‍ മീഡിയകള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ
കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യല്‍മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയകള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.
നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഇ സേഫ്റ്റി കമ്മീഷണർ
കുട്ടികള്‍ സോഷ്യല്‍ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ക്കായിരിക്കും. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഓസ്ട്രേലിയയുടെ ഓണ്‍ലൈന്‍ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണറാണെന്നും അല്‍ബാനീസ് പറഞ്ഞു