ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച് എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാമ്പത്തികസഹായം നല്‍കുക തുടങ്ങി റിസർവ് ബാങ്കിന്‍റെ മാർഗനിർദശങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളാണ്.
ഇത്തരത്തില്‍ നടപടിയെടുക്കാനുള്ള നിർദേശം നാഷണല്‍ ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കു നല്‍കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് കേരള സർക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി. തോമസിനെ അറിയിച്ചു.
സംസ്ഥാന ബാങ്ക് അഡ്വൈസറി കമ്മിറ്റിക്ക് ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് നിർദേശങ്ങള്‍ നല്‍കാം
വയനാട് ദുരന്തത്തെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നു പ്രധാനമന്ത്രിക്ക് കേരള സർക്കാർ നല്‍കിയ അപേക്ഷ പരിശോധിച്ച ശേഷമാണ് റിസർവ് ബാങ്ക് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ബാങ്ക് അഡ്വൈസറി കമ്മിറ്റിക്കും ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ നല്‍കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
