പൊലീസ് ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദ്ദേശം

മലപ്പുറം: മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശം. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. പീഡന പരാതിയില്‍ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം

വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.ഇതേത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നല്‍കിയത്. അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ തൃശ്ശൂർ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു.

ആരോപണങ്ങള്‍ തള്ളി ഉദ്യോഗസ്ഥർ

ഇതിൻ്റെ റിപ്പോർട്ട് നല്‍കിയതിനെത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്. പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വി.വി ബെന്നി എന്നീ ഉദ്യോഗസ്ഥർ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവം വാർത്തയായതോടെ ആരോപണങ്ങള്‍ തള്ളി ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →