വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും. .പ്രിയങ്കയുടെ പത്രികാസമർപ്പണവേളയില്‍ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി, സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ജില്ലാ ആസ്ഥാനത്തുണ്ടാകുമെന്നാണ് വിവരം . ജില്ലയില്‍ ദീർഘകാലത്തിനുശേഷമാണ് സോണിയ ഗാന്ധിയുടെ സാന്നിധ്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി പൊതുപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുകയാണ് സോണിയ ഗാന്ധി.

ബത്തേരി സപ്ത റിസോട്ടിലാണു രാത്രി തങ്ങുക

സോണിയ, രാഹുല്‍, പ്രിയങ്ക, ഖാർഗെ എന്നിവർ ഒക്ടോഹർ 22ന് വൈകുന്നേരം ജില്ലയില്‍ എത്തുമെന്നാണ് അറിയുന്നത്. ഒന്നിച്ചല്ല നാലു പേരുടെയും വരവ്. രാഹുലും പ്രിയങ്കയും മൈസൂരുവില്‍ വിമാനമിറങ്ങി കാർ മാർഗം ബത്തേരിയില്‍ എത്തും. ബത്തേരി സപ്ത റിസോട്ടിലാണു രാത്രി തങ്ങുക. മല്ലികാർജുൻ ഖാർഗെ വ്യോമമാർഗം കണ്ണൂരിലെത്തും. കാറിലാണു കണ്ണൂരില്‍നിന്നു വയനാട്ടിലേക്കുള്ള യാത്ര.
സോണിയ ഗാന്ധി ഏത് വിമാനത്താവളത്തില്‍ ഇറങ്ങുമെന്നതില്‍ വ്യക്തതയായില്ല. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അവരും ഡല്‍ഹിയില്‍നിന്നുള്ള യാത്രയില്‍ ഉണ്ടാകുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

കല്‍പ്പറ്റയില്‍ നടത്തുന്ന റോഡ്ഷോ

പത്രികാസമർപ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടത്തുന്ന റോഡ്ഷോ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണു യുഡിഎഫ് നേതൃത്വം. ഒക്ടോബർ 23 ന് രാവിലെ 10ന് പുതിയ സ്റ്റാൻഡ് പരിസരത്താണ് റോഡ് ഷോ തുടക്കം.തുറന്ന വാഹനത്തിലാണ് രാഹുലും പ്രിയങ്കയും റോഡ് ഷോയുടെ ഭാഗമാകുക. മുനിസിപ്പല്‍ ഓഫീസിനും എസ്കെഎംജെ സ്കൂളിനും ഇടയില്‍ സജ്ജമാക്കുന്ന താത്കാലിക വേദിയില്‍ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും യുഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →