കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട്‌ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ.വിജയന്‍. 2024 ഒക്ടോബർ 20 ന് വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടില്‍വച്ചചായിരുന്നു കൂടിക്കാഴ്‌ച .എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ റവന്യു വകുപ്പ്‌ ലാന്‍ഡ്‌ റവന്യു ജോയിന്റ്‌ കമ്മിഷണര്‍ എ.ഗീതയുടെ മൊഴിയെടുപ്പിന്‌ ശേഷമാണ്‌ കലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌.
യാത്രയയപ്പ്‌ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ കലക്‌ടര്‍ വിശദീകരിച്ചെന്നാണ്‌ വിവരം. തനിക്കെതിരേ പ്രതിഷേധം ശക്‌തമായ സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നു കലക്‌ടര്‍ അനൗദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍, അന്വെഷണ റിപ്പോര്‍ട്ടിന്‌ ശേഷം നടപടിയെടുക്കാമെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌.

ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും ഗീത

ലാന്‍ഡ്‌ റവന്യു ജോയിന്റ്‌ കമ്മിഷണറുടെ മൊഴിയെടുപ്പ്‌ ഏഴു മണിക്കൂര്‍ നീണ്ടു. പരാതിക്കാരന്‍ പ്രശാന്തന്റെയടക്കം മൊഴിയെടുത്തിട്ടുണ്ട്‌. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും ഗീത അറിയിച്ചു. കഴിഞ്ഞദിവസം റവന്യൂ ഉദ്യോഗസ്‌ഥരുടെയും കലക്‌ടറേറ്റിലെ മറ്റു ഉദ്യോഗസ്‌ഥരുടെയും മൊഴിയെടുത്തിരുന്നു.എന്നാല്‍, മൊഴിയെടുക്കുന്നതില്‍നിന്ന്‌ പി.പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്‌. നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്‌ടര്‍ക്കെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ എ. ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്‌.

ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പോലീസ്‌ കേസെടുത്തു

അതേസമയം, എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പി.പി. ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പോലീസ്‌ കേസെടുത്തു. ദിവ്യയുടെ ഭര്‍ത്താവ്‌ വി.പി. അജിത്ത്‌ നല്‍കിയ പരാതിയിലാണ്‌ കണ്ണപുരം പോലീസ്‌ കേസെടുത്തത്‌. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച്‌ അധിക്ഷേപം നടത്തിയെന്നാണ്‌ പരാതി

മുന്‍കൂര്‍ ജാമ്യാപേക്ഷ ഒക്ടോബർ 21 തിങ്കളാഴ്‌ച പരി​ഗണിക്കും

എ.ഡി.എമ്മിന്റെ മരണം നടന്ന രണ്ട്‌ ദിവസത്തിനു ശേഷമാണ്‌ ദിവ്യക്കെതിരേ പോലീസ്‌ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്‌. കേസില്‍ ഇതുവരെ ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ്‌ തയ്ാറായിട്ടില്ല. ഇന്ന്‌ തലശേരി സെഷന്‍സ്‌ കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കാന്‍ സാധ്യതയുണ്ട്‌. പോലീസ്‌ മെല്ലെപ്പോക്ക്‌ നടത്തുന്നത്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ ഒക്ടോബർ 21 തിങ്കളാഴ്‌ച പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണെന്ന്‌ ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്‌. ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്‌തമാക്കിയ കാര്യങ്ങള്‍ക്ക്‌ വിപരീതമായ വസ്‌തുതകളാണ്‌ കലക്‌ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →