തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും സർക്കാരിന് കത്ത് നല്‍കും. മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഗവർണർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിക്കാനാവില്ല എന്ന് സർക്കാർ പറയുന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ നടപടി ഭരണഘടന വ്യവസ്ഥയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ല
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണർക്ക് വിശദീകരണം നല്‍കാതിരുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ നടപടി ഭരണഘടന വ്യവസ്ഥയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവർണർ നല്കിയ മറുപടി. മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദു ദിനപുത്രത്തിന് നല്കിയ അഭിമുഖത്തില്‍ സ്വർണക്കടത്ത് ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പരാമർശത്തിലാണ് ഗവർണർ ഉദ്യോഗസ്ഥരുടെ വിശദീകരണം തേടിയത്.
സർക്കാരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു
പോലീസിനെതിരെ അടക്കം താൻ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവർണർക്ക് കൈമാറിയതായി പിവി അൻവർ വ്യക്തമാക്കി. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയ്ക്കാണ് ഗവർണറെ കണ്ടതെന്നും അൻവർ പറഞ്ഞു.. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്നും പുറത്തുപോയ വോട്ട് ആരുടേതാണെന്ന് അറിയാമെന്നും. അത് പിന്നീട് വ്യക്തമാക്കാമെന്നും അൻവർ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ട ശേഷം ആയിരുന്നു അൻവറിന്റെ പ്രതികരണം. സർക്കാരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഗവർണറെ കണ്ടത്.
