കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ കാർഷിക രംഗത്ത് നിന്ന് പിൻമാറുകയാണ്.
കാട്ടുപന്നികളുടെ എണ്ണം മൂന്ന് വർഷത്തിനിടെ പത്തിരട്ടിയിലേറെയായി
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പത്തിരട്ടിയിലേറെ കൂടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാൽ കാട്ടുപന്നികളുടെ എണ്ണത്തെ സംബന്ധിച്ച് വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കില്ല. വളരെ വേഗത്തില്‍ പെറ്റുപെര കുന്നതിനാല്‍ കാട്ടുപന്നികളുടെ കണക്ക് ശേഖരിക്കുന്നത് പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് സർക്കാരിനെ ബോധിപ്പിച്ചത്.
ചില പഞ്ചായത്തുകളിൽ ഷൂട്ടർമാരെ കിട്ടാനില്ല.ചിലയിടത്ത് ഫണ്ടില്ല..
വെടിവച്ച് പന്നികളെ ഇല്ലാതാക്കുന്നത് എളുപ്പമല്ലാതായെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികള്‍ പറയുന്നത്. ഷൂട്ടർമാരെ കിട്ടാനില്ലെന്ന് മാത്രമല്ല, വെടിവയ്ക്കാൻ പോകുമ്പോള്‍ പന്നി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. കുറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നതിനാല്‍ തോക്ക് ലൈസൻസുള്ളവർക്കും മടിയാണ്. പ്രതിഫലം കുറവായതിനാല്‍ ആരും മുന്നോട്ടുവരികയുമില്ല. തോക്ക് ലൈസൻസും വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർക്കും പന്നിയെ വെടിവയ്ക്കാം. ആയിരം രൂപയാണ് പ്രതിഫലം.ചില പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലാത്തതാണ് പ്രതിസന്ധിയെങ്കില്‍ ഷൂട്ടർമാരെ കിട്ടാനില്ലാത്തതാണ് മറ്റിടങ്ങളിലെ പ്രശ്‌നം
ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല.
നാട്ടിൻപുറങ്ങളിലെ കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ച് കാട്ടുപന്നികള്‍ പ്രസവിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. നാട്ടിലിറങ്ങിയ പന്നികള്‍ കാട്ടിലേക്ക് മടങ്ങുന്നില്ല. നാട്ടില്‍ ധാരാളം ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനാല്‍ അനുകൂല സാഹചര്യമാണ്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം വർഷങ്ങളായി കേന്ദ്രം പരിഗണിച്ചിട്ടില്ല. ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാൻ അനുമതി മാത്രമാണ് നല്‍കിയത്.
ഭൂമി തരിശിടുകയേ നിവർത്തിയുള്ളൂ
മുൻപ് രാത്രി കാലങ്ങളില്‍ മാത്രമാണ് പന്നികള്‍ പുറത്ത് ഇറങ്ങിയിരുന്നങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലും ഇവ നാട്ടില്‍ സജീവമാണ്.വാഴ,ചേന,ചേമ്ബ്,മരിച്ചിനി തുടങ്ങി എല്ലാ കാർഷിക വിളകളും നശിപ്പിക്കുന്നു. നെല്‍വയലുകളില്‍ ഇറങ്ങി നെല്ല് നശിപ്പിക്കുന്നതോടൊപ്പം,വരമ്പുകളും ഇടിച്ച് നശിപ്പിക്കുകയാണ്.കാട്ടുപന്നികളില്‍ നിന്ന് രക്ഷ നേടാൻ പുരയിടത്തില്‍ ഫെൻസിംഗ് സ്ഥാപിക്കാൻ ലക്ഷണങ്ങള്‍ ചെലവ് വരും, കടം വാങ്ങിയും ലോണെടുത്തും കൃഷി ചെയ്യുന്നവർക്ക് ഇത് അപ്രാപ്യമാണ്. ഭൂമി തരിശിടുകയേ നിവർത്തിയുള്ളൂ.
