നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകി. പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോ​ഗസ്ഥർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു

ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യംവിളിച്ച പ്രവർത്തകരെ പോലീസുകാർ കീഴ്‌പ്പെടുത്തിയിരുന്നു

2023 ഡിസംബറിൽ മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം നടന്നത്. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യംവിളിച്ച രണ്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച പ്രവർത്തകരെ അവിടെ ഉണ്ടായിരുന്ന പോലീസുകാർ കീഴ്‌പ്പെടുത്തിയിരുന്നു. എന്നാൽ, ബസിനുപിന്നാലെ വാഹനത്തിലെത്തിയ അംഗരക്ഷകർ .ലാത്തികൊണ്ട് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ് എന്നിവർ ഉൾപ്പടെയുള്ള സുരക്ഷാഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മർദനം.

മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയശേഷമായിരുന്നു മർദനം.

പ്രതിഷേധിച്ചവരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പിടിച്ചുമാറ്റി സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തുടർന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോവുകയും ചെയ്തു. എന്നാൽ, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അംഗരക്ഷകർ കാറിൽനിന്ന് ഇറങ്ങിവന്നശേഷമാണ് പ്രതിഷേധക്കാരെ ആക്രമിച്ചത്. ഈ സമയം അവിടെയുണ്ടായിരുന്ന പോലീസുകാർ ആക്രമണം നോക്കിനിൽക്കുന്നതും പിന്നീട് ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇവിടെനിന്ന് മാറ്റുന്നതുമായ ദൃശ്യങ്ങൾ മുഖ്യധാര മാധ്യമങ്ങളിലുൾപ്പെടെ സംപ്രേക്ഷണം ചെയ്തിരുന്നു.

കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ .ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരെ വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോ​ഗസ്ഥർ തിരുവനന്തപുരത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒടുവിലാണ് കോടതിയിൽ ഇപ്പോൾ വിചിത്ര റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →