തിരുവനന്തപുരം : കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ലഭിച്ചിട്ടുളളത്. 2024 ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഒക്ടോബർ 1ന് കേരളം കടമെടുത്തിരുന്നു. ഇതോടെ ഇനി ഡിസംബർവരെ കേരളത്തിന് കടമെടുക്കാനാകില്ല. . സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കേരളത്തിൻ്റെ ട്രഷറി അടച്ചുപൂട്ടുകയോ, സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയോ ചെയ്യുന്നതടക്കമുളള പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ഓണക്കാലത്ത് 4,200 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം പ്രത്യേക അനുമതി നല്‍കുകയായിരുന്നു
ഓണക്കാലത്ത് എടുത്ത 4,200 കോടി രൂപയുടെ കടം കേന്ദ്രം സ്പെഷ്യല്‍ സാങ്ഷൻ നല്‍കിയതു വഴി സാധ്യമായതാണ്. ഇത് ജനുവരി -മാർച്ച് കാലത്തെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന നിബന്ധനയുണ്ട്. ജനുവരി-മാർച്ച് കാലത്ത് എടുക്കാൻ കഴിയുന്ന 16,259 കോടിയില്‍ നിന്ന് 4,200 കോടി രൂപ അഭ്യർത്ഥന പ്രകാരം മുൻകൂർ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം ഓണക്കാലത്ത് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഇതോടെ ഡിസംബറിന് ശേഷവും സാമ്പത്തിക പ്രതിസന്ധി അവസാനിക്കില്ലെന്ന് ഉറപ്പായി.
ഭരണാനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള വിഹിതം 50 % വെട്ടിക്കുറച്ചു
ഈ സാഹചര്യത്തിലാണ് നടപ്പു സാമ്പത്തിക വർഷം ഭരണാനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള വിഹിതം 50 % വെട്ടിക്കുറച്ച് സർക്കാർ ഉത്തരവായത്. മുൻഗണനാ പദ്ധതികള്‍ ഒഴികെ 50 ശതമാനം വെട്ടിക്കുറവാണ് ഉത്തരവില്‍ വ്യക്തമാക്കിയത് എങ്കിലും, വകുപ്പുകളിലേക്ക് മേലധികാരികള്‍ നടത്തിയ റിപ്പോർട്ടിംഗില്‍ തത്വദീക്ഷയില്ലാതെ 50 ശതമാനം നേരിട്ട് വെട്ടാനാണ് രേഖാമൂലം ഇംപ്ലിമെൻ്റിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.ടെണ്ടർ നല്‍കി വർക്ക് അവാർഡ് ചെയ്ത പദ്ധതികള്‍ക്കാണ് ഇതുവഴി കൂച്ചുവിലങ്ങ് വരുന്നത്. അതായത് പദ്ധതി നടപ്പായാല്‍ പോലും കരാറുകാർക്ക് പണം ലഭിക്കില്ല. ഇതു മനസിലാക്കുന്ന കരാറുകാർ പ്രവർത്തിയില്‍ നിന്നും പിൻമാറാനുള്ള തയാറെടുപ്പിലാണ്. പലരും രേഖാമൂലം ഇത്തരം അറിയിപ്പുകള്‍ ഇംപ്ലിമെറ്റിംഗ് ഉദ്യോഗസ്ഥർക്ക് നല്‍കിക്കഴിഞ്ഞു. സമ്പൂർണ പ്രവൃത്തി സ്തംഭനമാണ് ഇതുവഴി ഈ സാമ്പത്തിക വർഷം സംഭവിക്കുക. ഇതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സംസ്ഥാനത്തില്ലാതാകും.
സാമ്പത്തിക വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പു നല്‍കുന്നു
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ദൂരവ്യാപകമായി ഇത് ബാധിക്കും. കരാറുകാരുടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളം, കരാറുകാർ വാങ്ങുന്ന നിർമാണ സാമഗ്രികള്‍, മറ്റ് സേവനങ്ങള്‍ക്ക് നല്‍കുന്ന പണം എന്നിവയാണ് കേരളത്തിൻ്റെ വിപണിയുടെ ലിക്വിഡിറ്റിയെ ചലനാത്മകമാക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നത്. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ പോലും 50 ശതമാനം വെട്ടിയാല്‍ പൊതുവിപണിയിലും അത്രയും തുകയുടെ നേരിട്ടുള്ള കുറവുണ്ടാകും. വിപണിയില്‍ ഇപ്രകാരമുണ്ടാക്കുന്ന കുറവ് ടാക്സ് വരുമാനത്തെ നേരിട്ടു തന്നെ ബാധിക്കും. ഇതു സർക്കാരിൻ്റെ ശമ്പളമടക്കമുള്ള പൊതു ചെലവുകളുടെ താളം തെറ്റിക്കുന്ന ചാക്രികപ്രതിഭാസമായി വളരെ വേഗത്തില്‍ മാറുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നല്‍കുന്നു.
കേന്ദ്രം കേരളത്തോട് കനിയാനിടയില്ല.
കേന്ദ്ര സർക്കാർ കടമെടുക്കാനുള്ള പരിധി വർധിപ്പിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിയെ നടപ്പു സാമ്ബത്തിക വർഷം കേരളത്തിന് മറികടക്കാനാവൂ. കഴിഞ്ഞ സാമ്ബത്തിക വർഷത്തിൻ്റെ അവസാനം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. അതിനാല്‍ തന്നെ ഇത്തവണയും കേന്ദ്രം കേരളത്തോട് കനിയാനിടയില്ല.വയനാട് ദുരന്തമുണ്ടായി രണ്ടു മാസമായിട്ടും ദുരന്തനിവാരണ ഫണ്ടില്‍ നിന്നും കാര്യമായ സഹായം കേന്ദ്രം കേരളത്തിന് നല്‍കിയിട്ടില്ല. അതിന് ശേഷം വയനാടിനെക്കാള്‍ വളരെ ചെറിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ ഉത്തരഖണ്ഡ്, ത്രിപുര, ആന്ധ്ര, തെലങ്കാന, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ചെറുതും വലുതുമായ നിരവധി സാമ്പത്തിക ആശ്വാസ നടപടികള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്
