ഛത്തീസ്ഗഡിൽ സിപിഐ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു

റായ്പുർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഇടതുപക്ഷത്തിനും ചെറു പ്രതീക്ഷ. ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോർട്ട്. കോണ്ട മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി മനീഷ് കുഞ്ജം ആണ് നിലവിൽ ലീഡ് ചെയ്യുന്നത്.

സിപിഐ ക്ക് ദേശീയ പാർട്ടി സ്ഥാനം തിരികെ പിടിക്കാൻ നിർണായകമാണ് ഓരോ വോട്ടുകളും. അതേസമയം, ഛത്തീസ്ഗഡിൽ ലീഡ് നില മാറിമറിഞ്ഞ അവസ്ഥയാണ്. കോൺഗ്രസ് ആദ്യം മുന്നിൽ നിന്നെങ്കിലും പതിയെ കളം പിടിച്ച ബിജെപി ഇപ്പോൾ കുതിക്കുകയാണ്.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 53 സീറ്റുകളിലാണ് ഛത്തീസ്ഗിൽ ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 34 സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. മധ്യപ്രദേശിൽ ഏകദേശം വിജയം ഉറപ്പിച്ച നിലയിലാണ് ബിജെപി മുന്നേറുന്നത്. രാജസ്ഥാനിലും ബിജെപിയുടെ കുതിപ്പാണ് നടത്തുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാൽ മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണൽ നൽകുന്ന സൂചന.

2018ൽ കമൽനാഥിൻറെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ 18 മാസം അധികാരത്തിൽ തുടർന്നതൊഴിച്ചാൽ രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ കയ്യിലാണ് മധ്യപ്രദേശ് ഭരണം. കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പാളയത്തിൽ എത്തിച്ചാണ് ബിജെപി ഭരണം പിടിച്ചത്. രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

Share
അഭിപ്രായം എഴുതാം