റോബിൻ ബസിലെ യാത്രക്കാരെ കേരളത്തിലേക്ക് മാറ്റി തമിഴ്നാട് സർക്കാർ

പത്തനംതിട്ട: പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസിലെ യാത്രക്കാരെ തമിഴ്നാട് സർക്കാർ കേരളത്തിലേക്ക് മാറ്റി. ബസ് ഉടമ, യാത്രക്കാർ എന്നിവരുമായി ഗാന്ധിപുരം ആർടിഒ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പാലക്കാട് വരെ തമിഴ്നാട് സർക്കാർ യാത്രക്കാരെ എത്തിക്കും. തുടർന്നുള്ള യാത്ര ബസുടമയുടെ ചെലവിലായിരിക്കും.

കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച ശേഷം മാത്രമേ ബസ് വിട്ട് നൽകൂവെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ പറഞ്ഞു. കേരളത്തിന്റെ സമ്മർദ്ദമാണ് ബസ് കസ്റ്റഡിയിലെടുക്കാൻ കാരണമെന്നും എന്ത് പ്രതിസന്ധി വന്നാലും സർവീസുമായി മുന്നോട്ട് പോകുമെന്നും ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു.

കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നതെന്നും എഐപി നിയമപ്രകാരം മാത്രമേ ബസ് സർവീസ് നടത്തിയിട്ടുള്ളൂവെന്നും ഗിരീഷ് നേരത്തെ പറഞ്ഞിരുന്നു. അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം