എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം- അഡ്വ കെ ഫ്രാൻസിസ് ജോർജ്

തൊടുപുഴ ;കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവും കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനുമായ പി ജെ ജോസഫിനെക്കുറിച്ച് എം എം മണി നടത്തിയ പ്രസ്താവന അങ്ങേയറ്റം നിർഭാഗ്യകരവും അത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്.
എന്ത് കാരണത്താലാണ് എന്തു പ്രകോപനത്താലാണ് മണി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് മനസ്സിലാകുന്നില്ല .അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്തും പറയാം എന്നുള്ള ഒരു രീതി കുറെ കാലമായി കണ്ടു വരുന്നതാണ് .കേരളത്തിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ പേരെ പ്രത്യേകിച്ച് വനിതകളെ അധിക്ഷേപിക്കാൻ ഒരു സമീപനം അദ്ദേഹം സ്ഥിരമായി സ്വീകരിച്ചവരുന്നു. ഇത് അദ്ദേഹം സ്വയം നിർത്തുകയോ അല്ലെങ്കിൽ അദ്ദേഹത്തിൻറെ പാർട്ടി അദ്ദേഹത്തെ നിയന്ത്രിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പി ജെ ജോസഫ് തൊടുപുഴയെ സംബന്ധിച്ചിടത്തോളം ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ നേതാവാണ് .

അദ്ദേഹം സജീവമായി പ്രവർത്തന രംഗത്ത് വന്ന കാലം മുതൽ നാളിതുവരെ തൊടുപുഴയ്ക്കും ഇടുക്കി ജില്ലയ്ക്കും വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ ഈ ജില്ലയിലെ ജനങ്ങൾ ഒരുകാലത്തും മറക്കുകയില്ല .കേരളത്തിനു പൊതുവിലും അദ്ദേഹത്തിൽനിന്ന് വികസന രംഗത്ത് ഒട്ടേറെ സംഭാവനകൾ ലഭിച്ചിട്ടുണ്ട് . ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വികസന രംഗത്ത് പ്രത്യേകിച്ച് റോഡുകളുടെ കാര്യത്തിൽ അദ്ദേഹം പിഡബ്ല്യുഡി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ജില്ലയിൽ ഏറ്റവും മെച്ചപ്പെട്ട റോഡുകൾ നിർമ്മിക്കപ്പെട്ടത്. ഇന്ന് എല്ലാവരും നല്ല റോഡുകളിലൂടെ സഞ്ചരിക്കുന്നതെങ്കിൽ അതിന് കടപ്പെട്ടിരിക്കുന്നത് പി ജെ ജോസഫിനോട് ആണ് . കേരളത്തിൽ തന്നെ ലോകനിലവാരത്തിലുള്ള റോഡുകളുടെ നിർമാണം ആരംഭിച്ചത് പി ജെ ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അവസരത്തിലാണ്.

അന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പ്രോജക്ട് എന്ന പദ്ധതി ലോക ബാങ്കിന്റെ സഹായത്തോടുകൂടി ആരംഭിക്കുകയും അതിലൂടെയാണ് മെച്ചപ്പെട്ട റോഡുകൾ നിർമിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ ഉണ്ടായത്. അതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥ ആയിരുന്നുവെങ്കിൽ ഇവിടെ എൻജിനീയറിങ് കോളജ്, പോളിടെക്നിക്കുകൾ അതുപോലെതന്നെ ഹൈറേഞ്ചിൽ ആകമാനം ഹയർസെക്കൻഡറി സ്കൂളുകൾ എല്ലാം അനുവദിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് വലിയൊരു കുതിപ്പ് ഇടുക്കിയിലേക്ക് നടത്തുവാൻ അദ്ദേഹത്തിന്റെ കാലത്ത് കഴിഞ്ഞു. അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ആർക്കും വിസ്മരിക്കാൻ കഴിയില്ല. \

അങ്ങനെ ഈ ജില്ലയ്ക്കും അതുപോലെതന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന തൊടുപുഴ നിയോജകമണ്ഡലത്തിനും ഒരു പൊതുപ്രവർത്തകൻ രാഷ്ട്രീയനേതാവ് ഭരണാധികാരി എന്ന നിലയിൽ നടത്തിയ സേവനങ്ങൾ എടുത്തുപറയത്തക്കതാണ്. അങ്ങനെയുള്ള ഒരു നേതാവിനെ കുറിച്ച് മുതിർന്ന ഒരു രാഷ്ട്രീയ നേതാവ് ഇതുപോലെ അപക്വമായ അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രസ്താവന നടത്തിയത് തികച്ചും നിർഭാഗ്യകരമായിപ്പോയി . ഈ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ എം എം മണി തയ്യാറാകണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ളത്

Share
അഭിപ്രായം എഴുതാം