സംസ്ഥാനത്തെ വംശീയ കലാപത്തിന് ഉത്തരവാദിത്തം സ്വന്തം സര്‍ക്കാരിനെന്ന് ആരോപിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് മണിപ്പൂര്‍ ബിജെപിയുടെ കത്ത്. ജനങ്ങളുടെ രോഷവും പ്രതിഷേധവും ഭരണത്തിനെതിരായ വേലിയേറ്റമാണ്. വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കണം.
നാല് മാസത്തോളമായി നിലവിലെ അസ്വസ്ഥത നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി മണിപ്പൂര്‍ ഘടകം ചൂണ്ടിക്കാട്ടി. സംസ്ഥാന അധ്യക്ഷ എ സര്‍ദാ ദേവിയുടെ നേതൃത്വത്തില്‍ മണിപ്പൂരിലെ ബിജെപിയുടെ എട്ട് പ്രമുഖ ഭാരവാഹികള്‍ ഒപ്പിട്ട കത്താണ് വെള്ളിയാഴ്ച നദ്ദയ്ക്ക് അയച്ചത്.
സംസ്ഥാനത്തെ കലാപത്തില്‍ തുറന്ന അസംതൃപ്തി പ്രകടിപ്പിച്ചാണ് കത്ത്. നിലവിലെ സ്ഥിതിഗതികളുടെ ഗൗരവം ഇതില്‍ അടിവരയിടുന്നു. ആശങ്കകള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 2023 മെയ് 3 മുതല്‍ ഇന്നുവരെ നാല് മാസത്തോളമായി അസ്വസ്ഥത നിലനില്‍ക്കുന്നു. ഈ പ്രതിസന്ധിയിലെ പുതിയ സംഭവവികാസങ്ങളെ നേരിടുന്നതില്‍ സംസ്ഥാന തലത്തിലുള്ള ഞങ്ങളുടെ പാര്‍ട്ടിക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ ഈ നീണ്ട അസ്വസ്ഥതയുടെ ഉത്തരവാദിത്തമിരിക്കെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബിജെപി കുറ്റപ്പെടുത്തി. ഇക്കാലയളവില്‍ പൊതുസമൂഹം നേരിട്ട കാര്യമായ ബുദ്ധിമുട്ടുകളും കത്തില്‍ എടുത്തുകാട്ടുന്നു.
മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ബയോമെട്രിക്കലായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രചാരണം വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി ആശയവിനിമയം നടത്താന്‍ ജെപി നദ്ദയോട് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നേരത്തേ നടപ്പാക്കാന്‍ സഹായിക്കും. സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളിലെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കണം. ഈ ഹൈവേകളിലൂടെയുള്ള ഗതാഗതം നിലനിര്‍ത്തുന്നതിന് ശ്രമം ഉണ്ടാകണം. പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് പോലുള്ള നിര്‍ബന്ധിത നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ശ്രദ്ധിക്കണമെന്നും ബിജെപി നിര്‍ദ്ദേശിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ യഥാര്‍ത്ഥ സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണം. പരിക്കേറ്റവര്‍ക്കും മരിച്ചവര്‍ക്കും എക്സ്ഗ്രേഷ്യ പേയ്മെന്റുകള്‍ നല്‍കണം. ഈ നിയമങ്ങളുടെ ഏതെങ്കിലും ലംഘനം തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതനുസരിച്ച് കൈകാര്യം ചെയ്യണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
ആര്‍ട്ടിക്കിള്‍ 355 സംസ്ഥാനത്ത് അടിച്ചേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും കത്തില്‍ വാദിക്കുന്നു, സാഹചര്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ കഴിവില്‍ പൊതുജനവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമം വേണം. ഏറ്റവുമൊടുവില്‍, സംസ്ഥാനത്തെ സമീപകാല പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത മൊയ്രംഗ്തെം ആനന്ദ് സിംഗിനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ സഹായവും പിന്തുണയും നേതാക്കള്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു.



