റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു കൊലപാതകത്തിന്റെ തെളിവുതേടി പൊലീസ് സംഘം പ്രതികളുമായി ​ഗോവയിൽ

September 23, 2023 - 12:09 pm

കൊച്ചി : കൊച്ചി തേവരയിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതികളുമായി പൊലീസ് ഗോവയിലെ വാഗത്തോറിൽ തെളിവെടുപ്പിനെത്തി. 2021ൽ വാഗത്തോറിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചു.
മൃതദേഹം കുന്നിൻമുകളിൽ ഉപേക്ഷിച്ചതായി പ്രതികൾ മൊഴി നൽകി. കോട്ടയം സ്വദേശികളായ അനിൽ‍ ചാക്കോ, സ്റ്റെഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ഏറെ ദുരൂഹതകൾ നിറഞ്ഞൊരു കൊലപാതകത്തിന്റെ തെളിവുതേടിയാണ് പൊലീസ് സംഘം പ്രതികളെയുംകൊണ്ട് കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് തിരിച്ചത്. ജഫ് ജോണിനെ കൊന്നത് ഗോവയിൽ വെച്ചാണെന്ന് മാത്രമായിരുന്നു പൊലീസിന്റെ സ്ഥീരികരണം. കൃത്യമായി എവിടെവച്ച് കൊന്നു, മൃതദേഹം എവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമായി. വടക്കൻ ഗോവയിൽ കടൽ തീരത്തോട് ചേർന്ന വാഗത്തോറിൽവച്ച് ജെഫിനെ കൊന്നു എന്ന് പ്രതികൾ വെളിപ്പെടുത്തി.

വാഗത്തോറിലെ കുന്നിൻ മുകളിൽ മൃതദേഹം ഉപേക്ഷിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്നതായി പറയുന്ന ദിവസത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഇതേ മേഖലയിൽ നിന്ന് അഴുകിത്തുടങ്ങിയ അ‍ജ്ഞാത മൃതദേഹം ഗോവാ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജെഫ് ജോണിന്റേതാണെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനയും ഉടൻ പൂർത്തിയാക്കും

രണ്ടു പേർക്കു കൂടി കുറ്റകൃത്യത്തിൽ പങ്കുള്ളതായാണ് പൊലീസിന്റെ സംശയം. ജെഫ് ജോണുമായുള്ള സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. പ്രതികളെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടരും. എറണാകുളം സൗത്ത് ഇൻസ്‍പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *