നിപ്പാ: വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

വടകര ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ്പാ വൈറസ്ബാധയാലെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി.വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടര്‍ന്ന് വടകര ജില്ല ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്സുമാണ് സമ്പര്‍ക്കത്തിലായത്.തിങ്കളാഴ്ച സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണാനും രോഗി എത്തി. ഇവിടെ രക്തപരിശോധനയടക്കം നടത്തിയ ശേഷം കൂടുതല്‍ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കും ഇയാള്‍ പോയിരുന്നു. ഇതിനുപുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്തദിവസംതന്നെ വില്യാപ്പള്ളി ആരോഗ്യകേന്ദ്രത്തിലും പരിശോധനക്ക് രോഗി എത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം