ന്യൂഡൽഹി: ഇരട്ടക്കൊലക്കേസിൽ ഇരുപത്തിയെട്ടു വർഷത്തിനു ശേഷം മുൻ എംപിയും ആർജെഡി നേതാവുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് സുപ്രീം കോടതി. 1995ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ജീവപര്യന്തം തടവിനു പുറമേ കൊല്ലപ്പെട്ട രണ്ടു പേരുടെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണമെന്നും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
ജസ്റ്റിസ് സഞ്ജയ് കിഷൻ കോൽ നേതൃത്വം നൽകിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ജസ്റ്റിസ്മാരായ എ.എസ് ഓക, വിക്രം നാഥ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഇത്തരത്തിലൊരു കേസ് ഇതിനു മുൻപ് കണ്ടിട്ടേയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നിലവിൽ ജനതാദൾ എംഎൽഎ അശോക് സിങിനെ കൊലപ്പെടുത്തിയ കേസിൽ ഹസാരിബാഗ് ജയിലിൽ ജീവപര്യന്തം തടവനുഭവിച്ചു കൊണ്ടിരിക്കുകയാണ് 70കാരനായ പ്രഭുനാഥ് സിങ്. 1995 മാർച്ചിൽ ബിഹാറിലെ സരൺ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മടങ്ങുന്ന നാട്ടുകാർക്കിടയിൽ കാർ നിർത്തിയ പ്രഭുനാഥ് നാട്ടുകാരോട് ആർക്കാണ് വോട്ടു നൽകിയതെന്ന് ചോദിച്ചു. പ്രഭുനാഥിന്റെ താത്പര്യത്തിനു വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയെന്നു പറഞ്ഞ രണ്ടു പേരെ ഉടൻ തന്നെ വിടവച്ചു കൊലപ്പെടുത്തുകയായിരുന്നു. ദരോഗ റായ്, രാജേന്ദ്ര റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്.
2008ൽ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി പ്രഭുനാഥിനെ വെറുതേ വിട്ടിരുന്നു. 2012ൽ
പാറ്റ്ന കോടതിയും സിങ്ങിനെ കുറ്റവിമുക്തനാക്കി. അതിനെതിരേ കൊല്ലപ്പെട്ട രാജേന്ദ്ര റായിയുടെ സഹോദരൻ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിനൊടുവിലാണ് സിങ്ങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 18ന് കോടതി സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷ അതല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് ഈ കേസിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

