സംസ്ഥാനത്ത് മഴ കനക്കും; ഇടുക്കിയിൽ യെല്ലോ അലർട്ട്..തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ 2 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിൽ .യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. സെപ്തംബർ 3 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും.പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ (03.09.2023) തിരുവന്നതപുരത്ത് യെല്ലോ അലർട്ട് ഉണ്ട്. തിങ്കളാഴ്ചയോടെ(04.09.2023) കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ഗവിയിലേക്കുള്ള ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായില്ല. വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ സംഭവങ്ങളും ഇന്നലെ രാത്രി ഉണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. റോഡ് ഗതാഗതത്തിൽ ഉണ്ടായിട്ടുള്ള മാർഗ്ഗതടസ്സം സത്വരമായി നീക്കി വരികയാണെന്നും കളക്ടർ വ്യക്തമാക്കി.

കേരള തീരത്ത് സെപ്തംബർ 1 രാത്രി 08.30 മുതൽ 03-09-2023 രാവിലെ 11.30 വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →