കൊങ്കൺ പാതയിൽ വീണ്ടും മോഷണം; ഇത്തവണ ഇരകളായത് കണ്ണൂർ സ്വദേശികളായ കുടുംബം

മുംബൈ: കൊങ്കൺ പാതയിൽ വീണ്ടും മോഷണം. നേത്രാവതി എക്‌സ്‌പ്രസിൽ (16346) മുംബൈയിലേക്ക് അവധിക്കാലം ചെലവഴിക്കാനെത്തിയ കണ്ണൂർ സ്വദേശി മുസമ്മിൽ മൂസയും കുടുംബവുമാണ് ഇത്തവണ മോഷണത്തിന് ഇരയായത്. ഓഗസ്റ്റ് 30നാണ് സംഭവം. A1 സെക്കൻഡ് എ സി കോച്ചിൽ എൽ ട്ടി ട്ടി യിലേക്ക്‌ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു കുടുംബം. ഇന്നലെ രാവിലെ രത്നഗിരി സ്റ്റേഷനിൽ എത്തിയപ്പോഴാണ്‌ ബാഗിൽ നിന്നും പണം നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്. ഏകദേശം 20000 രൂപയോളം(യു എ ഇ ദിർഹവും ഇന്ത്യൻ രൂപയും അടക്കം) നഷ്ടപ്പെട്ടിട്ടുണ്ട്.

പണം നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നൽകിയെങ്കിലും ആദ്യം പരാതി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും അതു തന്നെ നിരാശനാക്കിയെന്നും ഗൾഫിൽ ജോലി ചെയ്തു വരുന്ന മുസമ്മിൽ മൂസ മെട്രൊ വാർത്തയോട് പറഞ്ഞു. പിന്നീട്‌ പൻവേലിലെ കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്‍റ് മനോജ് കുമാറിന്‍റെ ഇടപെടലിനെത്തുടർനനാണ് പരാതി സ്വീകരിക്കാൻ അധികൃതർ തയ്യാറായതെന്ന് മോഷണത്തിനിരയായ കുടുംബം പറയുന്നു. കോച്ചിലെ മറ്റു പല യാത്രക്കാരുടെയും പണം നഷ്ടപെട്ടതായി മുസമ്മിൽ മൂസ പറയുന്നു.

അതേസമയം അവധിക്കാലത്തും അല്ലാത്തപ്പോഴും ട്രെയിനുകളിൽ മോഷണം തുടർക്കഥയാകുമ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ അടക്കമുള്ളവർ ഭീതിയിലാണ്.’പല തവണ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ യാത്ര ചെയ്ത കോച്ചിൽ മോഷണം നടന്നിട്ടുണ്ട്. അതിൽ പിന്നെ ഭയമാണ്. ബാത്ത്റൂമിൽ പോകാൻ പോലും പേടിയാണ്.’മുലുണ്ടിൽ താമസിക്കുന്ന ഷീജ അനിൽ പറയുന്നു.

റെയിൽവേ യാത്രക്കാർ മോഷണത്തിന് ഇരയാകുന്നത് പുർവ്വാധികം ശക്തമാണ് ഇപ്പോൾ. ആവശ്യത്തിന് സേനയെ ഉപയോഗിക്കാതെ റെയിൽവേ കാണിക്കുന്ന അനാസ്ഥക്കെതിരെ വിമർശനം ശക്തമാണ്. യാത്രക്കാർക്ക് പൂർണ സുരക്ഷ നൽകേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്. അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് യാത്രക്കാർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →