മാരത്തണില്‍ കിപ്ലാന്‍ഗറ്റിന് സ്വര്‍ണം

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷവിഭാഗ മാരത്തണില്‍ ഉഗാണ്ടയുടെ വിക്ടര്‍ കിപ്ലാന്‍ഗറ്റിനു സ്വര്‍ണം. രണ്ടു മണിക്കൂര്‍ എട്ടു മിനുട്ട് 53 സെക്കന്‍ഡിലാണ് വിക്ടര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ഇസ്രയേലിന്റെ മാരു ടെഫേരി വെള്ളിയും എത്യോപ്യയുടെ ല്യൂള്‍ ഗബ്രിസലാസി വെങ്കലവും നേടി.
പുരുഷ-വനിതാ 4-100 മീറ്റര്‍ റിലേകളില്‍ സ്വര്‍ണമണിഞ്ഞ് യു.എസ്. 100, 200 മീറ്റര്‍ സ്പ്രിന്റുകളില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ സ്പ്രിന്റര്‍ നോയ ലെയ്ല്‍സ് സ്പ്രിന്റ് റിലേയിലും സ്വര്‍ണംനേടി ട്രിപ്പിള്‍ സ്വന്തമാക്കി. ഉസൈന്‍ ബോള്‍ട്ടിനു ശേഷം ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണം നേടുന്ന താരമായും ലൈല്‍സ് മാറി.
ടൈസന്‍ ഗെ, ആലിസന്‍ ഫെലിക്‌സ് എന്നിവര്‍ക്കുശേഷം ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണം നേടുന്ന ആദ്യ അമേരിക്കന്‍ താരം കൂടിയാണ് ലൈല്‍സ്. 37.38 സെക്കന്‍ഡില്‍ റിലെ പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ടീം ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയവും കുറിച്ചു. 37.62 സെക്കന്‍ഡില്‍ ഓടി ഇറ്റലി വെള്ളി നേടിയപ്പോള്‍ ജമൈക്കയ്ക്കാണ് വെങ്കലം.
4-100 മീറ്റര്‍ റിലെയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ വനിതാ ടീം ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് കുറിച്ചു. ആദ്യമായാണ് ഇരു സ്പ്രിന്റ് റിലേയിലും അമേരിക്ക സ്വര്‍ണം നേടുന്നത്. തമാറി ഡേവിസ്, ടിടി ടെറി, ഗാബി തോമസ്, ഷ’കാരി റിച്ചാര്‍ഡ്‌സണ്‍ എന്നിവരടങ്ങിയ ടീം 41.03 സെക്കന്റില്‍ റിലെ പൂര്‍ത്തിയാക്കി ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്തു. നേരത്തെ 100 മീറ്ററിലും സ്വര്‍ണം നേടിയ റിച്ചാര്‍ഡ്‌സന്റെ രണ്ടാം സ്വര്‍ണമാണിത്. 41.21 സെക്കന്റില്‍ ജമൈക്ക വെള്ളി മെഡല്‍ നേടിയപ്പോള്‍ ബ്രിട്ടന്‍ ആണ് വെങ്കലം നേടിയത്.
പുരുഷ പോള്‍വോള്‍ട്ടില്‍ സ്വീഡന്റെ ലോക റെക്കോര്‍ഡ് ജേതാവ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ് സ്വര്‍ണമണിഞ്ഞു. 6.10 മീറ്റര്‍ ഉയരം താണ്ടിയാണ് ഡുപ്ലാന്റിസ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നിലനിര്‍ത്തിയത്. ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് 6.00 മീറ്റര്‍ താണ്ടിയ ഫിലിപ്പീന്‍സ് താരം ഏര്‍നെസ്റ്റ് ജോണ്‍ വെള്ളി നേടി. 5.95 മീറ്റര്‍ താണ്ടിയ ആസ്‌ട്രേലിയന്‍ താരം കര്‍ട്ടിസ് മാര്‍ഷലും അമേരിക്കയുടെ ക്രിസ്റ്റഫര്‍ നീല്‍സണും വെങ്കലം പങ്കുവച്ചു.
1500 മീറ്ററിന് പിന്നാലെ 5000 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം നേടി കെനിയയുടെ ഫെയ്ത്ത് കിപ്യഗോണ്‍ ഡബിള്‍ തികച്ചു.
പുരുഷന്‍മാരുടെ 800 മീറ്ററില്‍ 1 മിനിറ്റ് 44.24 സെക്കന്‍ഡില്‍ ഓടിയെത്തി കാനഡയുടെ മാര്‍കോ അറോപ് സ്വര്‍ണം നേടി. വനിതകളുടെ ഷോട്ട് പുട്ടില്‍ 20.43 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കയുടെ ചെസ് ഈലി സ്വര്‍ണം നേടി.
ഡെക്കാത്തലോണില്‍ സീസണിലെ മികച്ച പോയിന്റ് കണ്ടത്തി വേള്‍ഡ് ലീഡ് കുറിച്ച കാനഡയുടെ പിയേഴ്‌സ് ലെപേജ് ആണ് സ്വര്‍ണം നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →