റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇമ്രാൻ ഖാന്റെ ഇരുന്നൂറിലധികം അനുയായികളെ കൂടി അറസ്റ്റു ചെയ്തു; പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചുവിടാനും നീക്കം

August 9, 2023 - 6:09 pm

ഇസ്‍ലമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇരുന്നൂറിലധികം അനുയായികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തതെന്ന് പൊലീസ്. തോഷഖാന അഴിമതിക്കേസിലാണ് ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നാണ് ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്തത് മാത്രമല്ല പാർട്ടി ഭാരവാഹികളുടെ വീടുകളിൽ റെയ്ഡും നടത്തി. അതേസമയം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചുവിടുമെന്നാണു വിവരം.

അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ, പൊലീസ് ഉദ്യോഗസ്ഥരെ ഇമ്രാൻ ഖാന് ഒപ്പമുണ്ടായിരുന്നവർ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തോക്കുകൾ തട്ടിപ്പറിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ഇവ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

പാർലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഇടക്കാല സർക്കാരിനെ നിയോഗിക്കും. കാലാവധി പൂർത്തിയാക്കുന്നതിനു 3 ദിവസം മുൻപേയാണു പാർലമെന്റ് പിരിച്ചുവിടുന്നത്. കാലാവധി തീരും മുൻപേ പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പു നടത്തിയാൽ മതി. കാലാവധി പൂർത്തിയാക്കിയശേഷമാണെങ്കിൽ 60 ദിവസവും. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അഞ്ചുവർഷത്തേക്ക് ഇമ്രാൻ ഖാന് വിലക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *