ഇന്ത്യൻ വാഹന വിപണിയിലെ നമ്പർ വൺ ഇലക്ട്രിക് കാർ നിർമാതാക്കളായ ടാറ്റ തങ്ങളുടെ വിൽപന വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് . ഇതിനായി ഇലക്ട്രിക് കാറുകൾ വിൽക്കാൻ മാത്രമായി പ്രത്യേക ഷോറൂമുകളും സർവീസ് സെന്ററുകളും സ്ഥാപിക്കാനൊരുങ്ങുന്നു.
നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്ന ബ്രാൻഡാണ് ടാറ്റ. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്തം 19,000 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കും ഇലക്ട്രിക് കാറുകളുടെ വിൽപ്പന വ്യാപിപ്പിക്കാനാണ് ടാറ്റ ഇപ്പോൾ ലക്ഷ്യമിടുകയാണ്. ടാറ്റയുടെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് കാർ ടിയാഗോ ഇവിയാണ്. ഇതുവരെ മൊത്തം ഇവി വിൽപ്പനയുടെ 49% ടോപ് 20 നഗരങ്ങളിലാണ്.
ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനപ്രീയത മൈക്രോ മാർക്കറ്റിലേക്ക് നീങ്ങാനാണ് ടാറ്റയുടെ തീരുമാനം. ഇതിനായാണ് ഇവികൾക്കായി പ്രത്യേക ഷോറൂമും സർവീസ് സെന്ററും സ്ഥാപിക്കാൻ ടാറ്റ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടായേക്കും.
ടാറ്റ ഇത്തരത്തിൽ ഇവികൾക്ക് മാത്രമായി ഷോറൂമുകളും സർവീസ് സെന്ററുകളും തുടങ്ങിയാൽ ഇലക്ട്രിക് വാഹനവിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കുകയും വിപണിയിലെ മത്സരം കൂടുതൽ കടുക്കുമെന്നും ഉറപ്പാണ്.



