റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് മെട്രോ: സാധ്യതാപഠനവുമായി സി.എം.ആര്‍.എല്‍

August 3, 2023 - 12:46 pm

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കര്‍ണാടകത്തിലെ ബൊമ്മസാന്ദ്രയിലേക്ക് മെട്രോ റെയില്‍പാത നിര്‍മിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍.) ടെന്‍ഡര്‍ ക്ഷണിച്ചു. യാഥാര്‍ഥ്യമാവുകയാണെങ്കില്‍ രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോപാതയാവും ഇത്.

വ്യവസായനഗരമായ ഹൊസൂരിനെ ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിച്ച് 20.5 കിലോമീറ്റര്‍ പാതയാണു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 11.7 കിലോമീറ്റര്‍ കര്‍ണാടകത്തിലും 8.8 കിലോമീറ്റര്‍ തമിഴ്നാട്ടിലുമായിരിക്കും. സൗത്ത് ബെംഗളൂരുവിലെ ആര്‍.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈന്‍ ഈ വര്‍ഷം ഡിസംബറില്‍ തുറക്കും. അതിന്റെ തുടര്‍ച്ചയായാണ് പുതിയ പാത ഉദ്ദേശിക്കുന്നത്.

ഹൊസൂരില്‍ ഇപ്പോള്‍ അശോക് ലെയ്ലന്‍ഡ്, ടൈറ്റന്‍, ടി.വി.എസ്. മോട്ടോഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും 2000-ലേറെ ചെറുകിട വ്യവസായങ്ങളുമുണ്ട്. മെട്രോ പാത വഴി ബെംഗളൂരുവുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ ഹൊസൂരിന്റെ വ്യവസായ വികസനം വേഗത്തിലാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും മെട്രോ അനുഗ്രഹമാകും. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് മെട്രോ പാത നിര്‍മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് തമിഴ്‌നാടാണ്. സാധ്യതാപഠനം നടത്തുന്നതിന് കഴിഞ്ഞവര്‍ഷം കര്‍ണാടക അനുമതി നല്‍കി. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരവും അതിന് ലഭിച്ചു. സാധ്യതാപഠനത്തിന് തമിഴ്നാട് സര്‍ക്കാര്‍ 75 ലക്ഷം രൂപ അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *