ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രസ്താവന നടത്തണമെന്നും സഭയിൽ ചർച്ച വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇന്നും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചേക്കും. സഭയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ(INDIA) യോഗം ചേർന്നു.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ കൂടിയ യോഗത്തിൽ എഎപി എംപി സഞ്ജയ് സിങ്ങിന്‍റെ സസ്പെൻഷൻ പിൻവലിക്കാനുള്ള ശ്രമങ്ങൾ വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് രാജ്യ സഭാ എംപിയായ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തത്. നിലവിൽ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ സത്യാഗ്രഹ സമരത്തിലാണ് എംപി.
മണിപ്പൂരിനും വേണ്ടി സംസാരിച്ചതിന്‍റെ പേരിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും ഇനിയും അക്കാര്യത്തൽ മൗനം പാലിക്കാൻ തയാറല്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. നസീർ ഹുസൈൻ, ജെബി മാത്തർ, രൺജീത് രഞ്ജൻ, രാഘവ് ഛദ്ദ, തുടങ്ങി നിരവധി പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ റൂൾ 267 പ്രകാരം മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
മനീഷ് തീവാരി, മാണിക്കം ടാഗോർ തുടങ്ങിയ എംപിമാർ ലോക്സഭയിൽ മറ്റെല്ലാം ചർച്ചകളും നിർത്തി വച്ച് മണിപ്പൂരിൽ ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ചർച്ച നടത്താമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഹ്രസ്വ മറുപടി നൽകുമെന്നുമാണ് സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയത്. എന്നാൽ ഇതു സ്വീകാര്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ എംപിമാർ.




