ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 2023 ഓഗസ്റ്റ് 12ന് നടക്കും. പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് എം എം കുമാർ പ്രസ്താവിച്ചതോടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ല. നേരത്തെ തെരഞ്ഞെടുപ്പ് ജൂലൈ 6 ന് ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ എതിർപ്പുന്നയിച്ചതിനാൽ തീയതി മാറ്റുകയായിരുന്നു.
ജൂലൈ 11നാണ് രണ്ടാമത് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള സാവകാശം തേടി അസം റെസ്ലിങ് അസോസിയേഷൻ അപേക്ഷയെ തുടർന്ന് ഗുവാഹത്തി ഹൈക്കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. ഗുവാഹത്തി കോടതി ഉത്തരവ് ചൊവ്വാഴ്ച സുപ്രിംകോടതി സ്‌റ്റേ ചെയ്തതിനെ തുടർന്നാണ് റോഡ് തടസം നീങ്ങിയത്. 2023 ഓഗസ്റ്റ് 1നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.
ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളും വിവാദങ്ങളും മൂലം തെരഞ്ഞെടുപ്പ് വൈകി. കേസിനെ തുടർന്ന് ഡബ്ല്യുഎഫ്‌ഐയുടെ എല്ലാ പ്രവർത്തനങ്ങളും താത്ക്കാലികമായി നിർത്തിവയ്ക്കാൻ കായികമന്ത്രാലയം ഉത്തരവിടുകയും ചെയ്തു. ആരോപണങ്ങൾ അന്വേഷിക്കാൻ മേൽനോട്ട സമിതിയെ നിയമിക്കുകയും ചെയ്തു. ബ്രിജ് ഭൂഷൺ ശരൺ സിങിന് സ്‌പോട്‌സ് കോഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ല. അതേസമയം ശരൺ സിംഗിന്റെ മകൻ കരൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നും അഭ്യൂഹമുണ്ട്.
അതേസമയം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം ലഭിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷനെ കൂടാതെ സസ്‌പെൻഷനിലായ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് എന്നിവയാണ് വ്യവസ്ഥകൾ. ചൊവ്വാഴ്ച ബ്രിജ് ഭൂഷൺ ശരൺ സിംഗിനും കൂട്ടുപ്രതി വിനോദ് തോമറിനും റൂസ് അവന്യൂ കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

