ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് മേധാവി എസ്.കെ. മിശ്രയുടെ കാലാവധി നീട്ടി നൽകിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും ഡയറക്റ്ററുടെ കാലാവധി നീട്ടിയതിനെതിരായ ഹർജിയിലാണ് നടപടി.
ഹർജിയിലെ വാദങ്ങൾ ശരിവച്ച കോടതി 15 ദിവസത്തിനകം പുതിയ ഡയറക്‌റ്ററെ നിയമിക്കണമെന്ന് നിർദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ മിശ്രയ്ക്ക് ഡയറക്‌റ്റർ സ്ഥാനത്ത് തുടരാം.
2018 ലാണ് മിശ്ര ആദ്യമായി ഇഡി ഡയറക്‌റ്റർ സ്ഥാനത്തേക്കെത്തുന്നത്. 2020 നവംബറിൽ കാലാവധി അവസാനിച്ചതിനു ശേഷം ഒരു വർഷത്തേക്കു കൂടി നീട്ടി നൽകുകയായിരുന്നു. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി.
തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്‍റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി ഉയർത്തുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ഹർജികളെത്തിയത്.
ഇഡി ഡയറക്‌ടറുടെ കാലാവധി ഇത്തരത്തിൽ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ വാദം കേട്ട സമയത്തു തന്നെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഡയറക്‌ടർ സ്ഥാനം വഹിക്കാൻ യോഗ്യതയുള്ള മറ്റ് ഉദ്യോഗസ്ഥർ ഡിപ്പാർട്ട്മെന്‍റിൽ ഇല്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടുപോലും മുന്നോട്ടു പോയ രാജ്യമാണിത്, അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ മിശ്രയെന്നും കോടതി ചോദിച്ചു.




