ഗോമാംസം കടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഒരു സംഘം പശു സംരക്ഷകർ തല്ലിക്കൊന്നു. മുംബൈ കുർള സ്വദേശി അഫാൻ അൻസാരി (32) ആണ് കൊല്ലപ്പെട്ടത്. അൻസാരിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ അക്രമികൾ അടിച്ചു തകർത്തു.

അഫാൻ അൻസാരിയും സഹായി നസീർ ഷെയ്ഖും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പശു സംരക്ഷകർ ഇവരെ മർദ്ദിക്കുകയായിരുന്നു. കാറിൽ മാംസം കടത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അഫാൻ മരിച്ചതായി പൊലീസ് അറിയിച്ചു.

കേസിൽ ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയിൽ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കാറിൽ നിന്നും മാംസം കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ ബീഫ് കടത്തുകയായിരുന്നോ എന്ന് ലാബ് റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം