തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഡെങ്കിപ്പനി ബാധിച്ച് 2 പേരാണ് സംസ്ഥാനത്ത് ബുധനാഴ്ച മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32), കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33) എന്നിവരാണ് മരിച്ചത്. അഖില തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജിലും അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു.
സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പു നൽകി. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

