ഭാര്യയെ കൊല്ലുന്നതിനായി വെടിയുതിർത്ത ഭർത്താവ് അതേ വെടിയുണ്ട നെഞ്ചിലേറ്റു മരിച്ചു

നോയിഡ : മൊബൈൽ ഫോൺ കാണാനില്ലെന്ന തർക്കത്തിനിടെ ഭാര്യയെ കൊല്ലുന്നതിനായി ആലിംഗനംചെയ്ത ശേഷം വെടിയുതിർത്ത ഭർത്താവ് അതേ വെടിയുണ്ട നെഞ്ചിലേറ്റു മരിച്ചു. ഉത്തർപ്രദേശിലെ മോർദബാദ് ജില്ലയിലായിരുന്നു സംഭവം. അനക്പാൽ (40), ഭാര്യ സുമൻപാൽ (38) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സുമൻപാലിനെ ആലിംഗനം ചെയ്ത ശേഷം അനക്പാൽ കൈയിൽ കരുതിയ തോക്കിൽനിന്ന് നിറയൊഴിക്കുകയായിരുന്നു. ഭാര്യയുടെ ശരീരത്തിലൂടെ കടന്ന വെടിയുണ്ട അനക് പാലിന്റെയും നെഞ്ചുതുളച്ചു പുറത്തുവന്നു.

ചണ്ഡീഗഡിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർക്ക് നാലുമക്കളാണുള്ളത്. പതിവായി ഭാര്യയും ഭർത്താവും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കം പതിവായിരുന്നു. ഇതിനിടെയാണ് വിവാഹചടങ്ങിൽ മൊബൈൽ ഫോൺ നഷ്ടമായതിൽ തർക്കമുണ്ടായത്. അതേ തുടർന്നായിരുന്നു സംഭവം.

നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇത് എങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ പറഞ്ഞു. സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടാല്ലത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇവരുടെ മക്കളുടെ സുരക്ഷ ബന്ധുക്കൾ ഏറ്റെടുത്തതായും പൊലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം